Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
സിനിമ
  Add your Comment comment
ആമിനത്താത്തയെ ബാക്കിയാക്കി അബി യാത്രയായി
reporter
മിമിക്രി താരവും സിനിമാ നടനുമായ അബി അന്തരിച്ചു. അമ്പത്തിരണ്ടു വയസായിരുന്നു. രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു മരണം. ഏറെക്കാലം മിമിക്രി വേദികളിലും പാരഡി കാസറ്റുകളിലൂടെയും പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിരുന്നു അബി.
മലയാള മിമിക്രി വേദികളില്‍ ആദ്യമായി അമിതാബ് ബച്ചനെ അനുകരിച്ചത് അബിയായിരുന്നു. അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം എംജി യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ മിമിക്രിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.മകന്‍ ഷെയിന്‍നിഗം അറിയപ്പെടുന്ന യുവനടനാണ്. സുനിലയാണ് ഭാര്യ. അഹാന, അലീന എന്നിവരും മക്കളാണ്. മൂവാറ്റുപുഴ സ്വദേശിയായ ഹബീബ് മുഹമ്മദ് അബി എന്ന പേരിലൂടെയാണ് മിമിക്രിയിലും സിനിമയിലും അറിയപ്പെട്ടത്. കലാഭവന്‍, കൊച്ചിന്‍ സാഗര്‍, ഹരിശ്രീ എന്നീ പ്രമുഖ ട്രൂപ്പുകളില്‍ അംഗമായിരുന്നു.

ആമിനത്താത്ത എന്ന കഥാപാത്രത്തെ അനുകരിച്ചു കൊണ്ടായിരുന്നു അബി മിമിക്രി വേദികളില്‍ സജീവമായത്. അന്‍സാര്‍ കലാഭവന്‍ സംവിധാനം ചെയ്ത കിരീടം വയ്ക്കാത്ത രാജാവ് എന്ന ചിത്രത്തില്‍ ആമിനത്താത്ത എന്ന മുഴുനീള സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ച് അബി ശ്രദ്ധേയനായി. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. ആദ്യകാലത്ത് മാവേലിയെ അവതരിപ്പിച്ചിരുന്നതും അബിയായിരുന്നു. അമിതാഭ് ബച്ചന്റെ പരസ്യങ്ങള്‍ക്ക് മലയാളത്തില്‍ ശബ്ദം നല്‍കി വന്നതും അബിയായിരുന്നു.

1991ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമാ ലോകത്തേക്ക് കടന്നത്. പിന്നീട് 50ലേറെ ചിത്രങ്ങളുടെ ഭാഗമായി. തൊണ്ണൂറുകളില്‍ കൊച്ചി കേന്ദ്രമായെത്തിയ ലോ ബഡ്ജറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ഒരിടവേളയ്ക്ക് ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് അബി മടങ്ങിയെത്തിയത്.

അബി എന്ന പേര് ലഭിക്കാനും ഒരു സംഭവമുണ്ട്. ഹബീബ് മുഹമ്മദ് എന്നാണ് അബിയുടെ യഥാര്‍ത്ഥ പേര്. ഹബീബ് എങ്ങനെ അബി ആയി എന്ന് മമ്മൂട്ടി ഒരിക്കല്‍ ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി ഇങ്ങനെ:

'മമ്മൂക്കയുടെ ചോദ്യത്തിന് അന്ന് എനിക്ക് പെട്ടെന്ന് ഒരുത്തരം പറയാന്‍ കഴിഞ്ഞില്ല. ഹബീബ് മുഹമ്മദ് എന്ന എന്നെ അബിയാക്കിയത് സത്യത്തില്‍ ഉത്സവ കമ്മിറ്റിക്കാരാണ്.' 'നാട്ടില്‍ കലാപരിപാടികള്‍ക്കായി ചെല്ലുമ്പോള്‍ പേര് അനൗണ്‍സ് ചെയ്യണമല്ലോ. നാട്ടിലെ ഒരു പരിപാടിക്ക് ചെന്നപ്പോള്‍ എന്റെ മുഴുവന്‍ പേര് അറിയാഞ്ഞിട്ടാകാം അവര്‍ അനൗണ്‍സ് ചെയ്തത് അബി എന്നായിരുന്നു.' 'അങ്ങനെ പിന്നീടുള്ള പരിപാടികളിലെല്ലാം ഞാന്‍ അബിയായി. അബി എന്നത് സത്യത്തില്‍ ചെറിയൊരു പേരാണ്. പേരിടുമ്പോള്‍ നല്ല മുഴക്കമുള്ള അക്ഷരങ്ങള്‍ ഉണ്ടായാല്‍ നന്നായിരിക്കും. ലാല്‍ എന്നത് രണ്ടക്ഷരമുള്ള ചെറിയൊരു പേരാണ്. പക്ഷേ അതിലെ മുഴക്കം ആളുകളെ ഒന്നുലയ്ക്കും.' ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴാണ് മമ്മൂട്ടി ഇത് ചോദിച്ചത്.
 
Other News in this category

 
 




 
Close Window