Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ആര്‍ച്ച്ബിഷപ്പിന് മോദിയുടെ മറുപടി; മലയാളി നഴ്‌സുമാരെയും ഫാ.ടോമിനേയും രക്ഷിച്ചത് രാജ്യസ്‌നേഹം
REPORTER

അഹമ്മദാബാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ അടക്കം വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരെ സഹായിച്ചതിനു കാരണം രാജ്യസ്‌നേഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്‍ പുറത്തിറക്കിയ ഇടയലേഖനത്തെ സൂചിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

മതപരമായ സ്ഥാനം വഹിക്കുന്ന ഒരാള്‍ ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. 'രാഷ്ട്രഭക്തി' തന്നെയാണ് എല്ലാ ഇന്ത്യക്കാരെയും സഹായിക്കുന്നതിന് തനിക്ക് വഴികാട്ടിയിട്ടുള്ളത്. കേരളത്തില്‍നിന്നുള്ള, മിക്കവാറും ക്രിസ്ത്യാനികളായ നഴ്‌സുമാരെ ഇറാഖിലെ തീവ്രവാദികളില്‍നിന്ന് രക്ഷപ്പെടുത്തിയത് മതം നോക്കിയല്ല. കേരളത്തില്‍നിന്നുള്ള പുരോഹിതന്‍ ടോം ഉഴുന്നാലിനെ യമനില്‍നിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും അദ്ദേഹം ഇന്ത്യയുടെ പുത്രനായതുകൊണ്ടാണ് മോദി പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളില്‍നിന്ന് ഫാദര്‍ അലക്‌സിസ് പ്രേംകുമാര്‍, ജൂഡിത്ത് ഡിസൂസ എന്നിവരെ രക്ഷപ്പെടുത്തിയതും മോദി ചൂണ്ടിക്കാട്ടി. ദേശീയതയുടെ മൂല്യങ്ങളെ എതിര്‍ക്കുന്നത് ഗൗരവമായ വിഷയമാണെന്നും അഹമ്മദാബാദില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്‍ 'ദേശീയവാദത്തിന്റെ ശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കൂ' എന്ന ആഹ്വാനം ചെയ്തുകൊണ്ട് ഇടയലേഖനം പുറത്തിറക്കിയതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നവംബര്‍ 21നാണ് മക്വാന്റെ പേരിലുള്ള കത്ത് പുറത്തിറങ്ങിയത്. 'രാജ്യത്തെ മതേതരത്വവും ജനാധിപത്യവും അപകടത്തിലാണ്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. പള്ളികള്‍ക്കും വിശ്വാസങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേയുള്ള അക്രമമില്ലാതെ ഒരു ദിവസംപോലും കടന്നുപോവുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ദരിദ്രര്‍ക്കുമിടയില്‍ അരക്ഷിതത്വബോധം വളരുന്നു.' കത്തില്‍ പറയുന്നു. ഈ അവസ്ഥയ്ക്ക് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സാമൂഹികമാധ്യമങ്ങളില്‍ കത്തിനെതിരേ ഒട്ടേറെപ്പേര്‍ രംഗത്തെത്തി. തുടര്‍ന്ന് ഇത് പൊതുജനങ്ങളെ ഉദ്ദേശിച്ചല്ലെന്നും പ്രാര്‍ഥനയ്ക്കുള്ള അപേക്ഷയാണ് ഇതുവഴി ഉദ്ദേശിച്ചതെന്നുമുള്ള വിശദീകരണവുമായി മക്വാന്‍ രംഗത്തുവന്നിരുന്നു.

 
Other News in this category

 
 




 
Close Window