വാഹന റജിസ്ട്രേഷന് തട്ടിപ്പുകേസില്‍ ചലച്ചിത്ര താരങ്ങളായ ഫഹദ് ഫാസില്‍, അമലാ പോള്‍ എന്നിവര്‍ ചോദ്യംചെയ്യലിന് ഹാജരായില്ല. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അമല അഭിഭാഷകന് മുഖേന ആവശ്യപ്പെട്ടു. ഷൂട്ടിങ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അമല പോള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അമല പോളിനും ഹഫദ് ഫാസിലിനും ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തണമെന്നായിരുന്നു ആവശ്യം. സമാന കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയെ അടുത്ത ദിവസം ചോദ്യം ചെയ്യും.
ഇരുവരും ഓരോ കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങള്‍ നികുതി വെട്ടിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം, വാഹന റജിസ്ട്രേഷന് കേസില്‍ ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ചോദ്യം ചെയ്യലിനു ചൊവ്വാഴ്ച ഹാജരാകണമെന്നു ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ. ജാമ്യാപേക്ഷ ബുധനാഴ്ചയാണ് പരിഗണിക്കുന്നത്.
സമാന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി മൂന്നാഴ്ചത്തേക്കു തടഞ്ഞിരുന്നു. അതേസമയം, 21നു 10.15ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ സുരേഷ് ഗോപി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. |