Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഓഖി: സര്‍ക്കാരിനെ പരിഹസിച്ച് വീണ്ടും ജേക്കബ് തോമസ്
Reporter

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പരിഹാസവുമായി വീണ്ടും ഡിജിപി ജേക്കബ് തോമസ്. വാര്‍ഷികാഘോഷത്തിന് പരസ്യം നല്‍കാനും ഫ്ളെക്സ് സ്ഥാപിക്കാനുമെല്ലാം സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവിടുന്നുണ്ടെന്നാണ് സസ്പെന്‍ഷനിലായ ജേക്കബ് തോമസ് ഫെയ്സ്ബുക്കിലൂടെ വിമര്‍ശിച്ചത്.'പാഠം 2, മുന്നോട്ടുള്ള കണക്ക്' എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ പരസ്യത്തിന് ചെലവാക്കിയ തുകയും ഫ്ളെക്സ് സ്ഥാപിക്കാനും റിയാലിറ്റി ഷോയ്ക്കും ചെലവായ തുകയുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. 'പരസ്യപദ്ധതികള്‍ ജനക്ഷേമത്തിന്' എന്ന വാചകത്തോടെയാണ് ചിത്രക്കുറിപ്പ് അവസാനിക്കുന്നത്.

സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനാണ് നേരത്തെ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടര്‍ ജനറല്‍ ആയിരുന്ന ഡിജിപി ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഒന്നാം പാഠവുമായി ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ പാളിച്ചകളും അപാകതകളുമാണ് അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളം 7340 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ് വിമര്‍ശനത്തിനു കാരണമായത്.

ആകെ വേണ്ടത് 700 കോടിയും ഉള്ളത് 7000 കോടിയുമാണെന്ന് ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. പാഠം ഒന്ന്, കണക്കിലെ കളികള്‍ എന്ന തലക്കെട്ടില്‍ ചിത്രസഹിതം കണക്കുകള്‍ നിരത്തിയായിരുന്നു വിമര്‍ശനം.

ഡിജിപിയുടെ വിമര്‍ശനത്തിന് സമൂഹമാധ്യമത്തിലൂടെ അന്നുതന്നെ മന്ത്രി തോമസ് ഐസക് മറുപടി നല്‍കി. ഒന്നാം പാഠത്തില്‍ ഒതുക്കരുതെന്നും ആരോപണം ഉന്നയിക്കുമ്പോള്‍ ഗൃഹപാഠം നടത്തണമെന്നും മന്ത്രി നീണ്ട കുറിപ്പില്‍ ഉപദേശിച്ചു. ജേക്കബ് തോമസിന്റെ ആരോപണങ്ങളെ മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയും തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, അടങ്ങിയിരിക്കാന്‍ തയാറല്ലെന്ന് പുതിയ ആരോപണത്തിലൂടെ ജേക്കബ് തോമസ് തെളിയിച്ചത് സര്‍ക്കാരിന് വരുംദിവസങ്ങളില്‍ തലവേദന സൃഷ്ടിച്ചേക്കാം.

 
Other News in this category

 
 




 
Close Window