Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നീതിക്കുവേണ്ടി പൊതുജനം നാളെ തിരുവനന്തപുരത്ത് ഒന്നിക്കുന്നു: കക്ഷിരാഷ്ട്രീയമില്ലാതെ കൂട്ടായ്മ
reporter
സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെതിരേ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ നടത്തുന്ന സമരം കേരളത്തിലെ യുവത്വം ഏറ്റെടുത്തു. തന്റെ സഹോദരന്‍ കൊല്ലപ്പെട്ടതിന്റെ സാഹചര്യം അറിയാന്‍ നിയമപ്രകാരമുള്ള സാഹചര്യങ്ങളാണ് ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ അന്വേഷിക്കുന്നത്. അതിന് അയാള്‍ക്ക് എഴുന്നൂറിലേറെ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ പട്ടിണി കിടക്കേണ്ടി വന്നു. ഇത് നാളെ എല്ലാവര്‍ക്കും വരുമെന്ന ഭീതി കേരളത്തിന്റെ യുവത്വത്തിലേക്ക് തീയായി പടര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ അംഗമായവരെല്ലാം നാളെ രാവിലെ തിരുവനന്തപുരത്ത് ഒത്തു ചേര്‍ന്ന് ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു. നിര്‍ഭയയെ അതിക്രൂരമായി കൊലപ്പെടുത്തിയ സമയത്ത് ജീവന്‍ നഷ്ടപ്പെടുത്താന്‍ തയാറായി ഡല്‍ഹിയില്‍ സമരം ചെയ്ത യുവത്വത്തിന്റെ അതേ ശബ്ദം നാളെ തിരുവനന്തപുരത്തു മുഴങ്ങും. കക്ഷി രാഷ്ട്രീയമില്ലാതെ സ്വയം സംരക്ഷിതരാകാന്‍ കേരളത്തിലെ യുവത്വം ഇറങ്ങിത്തിരിച്ചിരിക്കുന്നു. ശ്രീജിത്തിന്റെ അമ്മയുടെ പ്രതികരണം, എല്ലാവരും സ്വന്തം അമ്മയുടെ ശബ്ദമായി സ്വീകരിച്ചു കഴിഞ്ഞു.
'രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് തന്റെ മകന്‍ ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 'ഇവിടെ ഇങ്ങനെ കിടന്ന് മഴ നനഞ്ഞാല്‍ വല്ല പനിയും പിടിക്കും, എഴുന്നേറ്റ് വീട്ടില്‍ പോടാ' എന്നാണ് പരാതിയുമായെത്തിയ തങ്ങളോട് അദേഹവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞെതെന്നും ശ്രീജിത്തിന്റെ അമ്മ രമണി പറയുന്നു.


സര്‍ക്കാര്‍ സംരക്ഷിക്കുന്നത് ഇവിടെ കുറ്റക്കാരെയാണ്. പോലീസുകാര്‍ക്ക് ആരോടും എന്തും ചെയ്യാമെന്നാണ് ഇവിടുത്തെ അവസ്ഥ. ബിഎ വരെ പഠിച്ചവനാണ് ശ്രീജിത്ത്. കൂട്ടുകാരനെ പോലെ ജീവിച്ചിരുന്ന ശ്രീജീവ് മരണ വെപ്രാളത്തോടെ ആശുപത്രി കിടക്കയില്‍ കിടന്ന് പിടഞ്ഞത് അവന്റെ മുന്നില്‍ വച്ചാണ്. അവന്‍ ആ മരണം എങ്ങനെ സഹിക്കുമെന്നും രമണി ചോദിക്കുന്നു.

കേസില്‍ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് എന്റെ മൂത്ത മോനെ അപകടത്തില്‍ പെടുത്തിയത്. ഇപ്പോഴും അവന് കഠിനമായ ഒരു ജോലിയും ചെയ്യാനാകില്ല. അതുകൊണ്ടാണ് മുമ്പ് കൂലിവേല ചെയ്തിരുന്ന അവന്‍ ഇപ്പോള്‍ പെട്രോള്‍ പമ്പില്‍ പോകുന്നത്. പോലീസ് കംപ്ലയിന്റ് അതോറിറ്റി കേസില്‍ മൊഴിയെടുത്തു കൊണ്ടിരുന്ന കാലത്താണ് ശ്രീജുവിന് അപകടം സംഭവിച്ചത്. അത്രയും കാലം മൊഴിനല്‍കാന്‍ എല്ലാവരെയും വിളിച്ചിരുന്നെങ്കിലും ഫിലിപ്പോസ് മാത്രമാണ് ഹാജരായിരുന്നത്. എന്നാല്‍ ശ്രീജുവിന് അപകടം സംഭവിച്ചതിന് ശേഷമുണ്ടായ ഹിയറിംഗില്‍ എല്ലാവരും എത്തിച്ചേര്‍ന്നു. ഞാനും ശ്രീജിത്തും ശ്രീജുവിനൊപ്പം ആശുപത്രിയിലായിരിക്കുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ഞാന്‍ ആശുപത്രിയില്‍ നില്‍ക്കുകയും ശ്രീജിത്ത് ഹിയറിംഗിന് പോകുകയും ചെയ്തു. അവന്‍ വന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി എല്ലാവരും എത്തിയത് ഞാന്‍ അറിഞ്ഞത്. ഞങ്ങള്‍ കേസില്‍ നിന്നും പിന്മാറാന്‍ ഈ ആക്‌സിഡന്റ് അവര്‍ സൃഷ്ടിച്ചതാണെന്ന് ഞങ്ങള്‍ കരുതാന്‍ കാരണം അതാണ്.

ഇപ്പോള്‍ ഈ കേരളത്തിലെ നാട്ടുകാരെല്ലാവരും എനിക്കും എന്റെ മോനും ഒപ്പമുണ്ടെന്ന് അറിയുമ്പോള്‍ സത്യത്തില്‍ കരച്ചില്‍ വരുന്നു. നഷ്ടപ്പെടുമെന്ന് പേടിച്ചിരിക്കുന്ന ഈ മോനെയെങ്കിലും എനിക്ക് തിരിച്ചുകിട്ടുമെന്ന് ഇപ്പോള്‍ തോന്നുന്നു. ഇനി ഞങ്ങള്‍ക്ക് നീതി നിഷേധിക്കാന്‍ ആര്‍ക്കും ആകില്ല. അതിന് ആരോടൊക്കെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല. നിങ്ങള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ എന്റെ രണ്ടാമത്തെ മോന്‍ അധികൃതരുടെ മുന്നില്‍ ആ സെക്രട്ടേറിയറ്റ് പടിക്കല്‍ മരിച്ചു കിടക്കുന്നതും ഞാന്‍ കാണേണ്ടി വരുമായിരുന്നു. അവന്റെ ശരീരവും മണ്ണിനടിയിലേക്ക് തള്ളേണ്ട ഗതികേട് എനിക്ക് വരുമായിരുന്നു'. - രമണി പറയുന്നു.
 
Other News in this category

 
 
 
Close Window