പാലക്കാട് കുനിശ്ശേരിയില്‍ യുവതിയും പൊള്ളാച്ചി സ്വദേശിയായ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്നു വിറ്റ പെണ്‍കുഞ്ഞിനെ തമിഴ്നാട്ടിലെ ഈറോഡില്‍ നിന്ന് കണ്ടെത്തി. കുഞ്ഞിനെ പൊലീസ് മലമ്പുഴ ആനന്ദ് ഭവനിലേക്കു മാറ്റി. കുഞ്ഞിനെ വാങ്ങിയെന്നു കരുതുന്ന ജനാര്ദ്ദനന് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.
കുനിശേരി കുന്നന്‍പാറ കണിയാര് കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ് രാജും രാജിന്റെ അമ്മ ബിജിയും ചേര്‍ന്നാണ് ഇടപാട് നടത്തിയതെന്നായിരുന്നു വിവരം.
ക്രിസ്മസ് ദിനത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ ഭര്‍തൃമാതാവിന്റെ കൂടി നിര്‍ദ്ദേശപ്രകാരം വിറ്റതായാണ് കേസ്. സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്നാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റതെന്നാണ് സൂചന. ഈ ദമ്പതികള്‍ക്കു നാലു കുട്ടികള്‍ കൂടിയുണ്ട്. മറ്റു നാലുമക്കളെ വളര്‍ത്തുന്നതിന് പണം കണ്ടെത്താനാണ് കുഞ്ഞിനെ വിറ്റതെന്നാണ് കുഞ്ഞിന്റെ മാതാവ് പറഞ്ഞത്.
സംഭവം വാര്‍ത്തയായതോടെ ഒളിവില്‍പോയ രാജിനെ പൊള്ളാച്ചി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആലത്തൂര്‍ സിഐ കെ.എ. എലിസബത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. |