ഇരുപതു വര്‍ഷത്തിലൊരിക്കല്‍ അനുഭവപ്പെടുന്ന ബ്ലാക്ക്മൂണ്‍ എന്ന പ്രതിഭാസം ഫെബ്രുവരിയില്‍ ദൃശ്യമാകുമെന്ന് ശാസ്ത്രലോകം. 1999ലാണ് അവസാനമായി ബ്ലാക്ക്മൂണ്‍ കാണപ്പെട്ടത്. 20 വര്‍ഷത്തിലൊരിക്കലെന്ന ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍ പ്രകാരം 2018ലെ ഫെബ്രുവരിയില്‍ ബ്ലാക്ക് മൂണ്‍ അനുഭവപ്പെടേണ്ടതാണ്. ടൈം സോണിന്റെ വ്യത്യാസത്തിനനുസരിച്ച് ലോകത്തിന്റെ എല്ലാ ഭാഗത്തും ഇത് സംഭവിക്കണമെന്നുമില്ല.
ഒരു മാസത്തില്‍ രണ്ട് അമാവാസിയുണ്ടാകുന്നതാണ് കറുത്ത ചന്ദ്രന് അല്ലെങ്കില്‍ ബ്ലാക്ക് മൂണ്‍ എന്നറിയപ്പെടുന്നത്. 20 വര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരിയില്‍ പൂര്ണ്ണചന്ദ്രന് പ്രത്യക്ഷപ്പെടില്ല. ഈ പ്രതിഭാസത്തെയും ബ്ലാക്ക് മൂണ്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പകരം ജനുവരിയിലും മാര്‍ച്ചിലും രണ്ട് പൗര്‍ണ്ണമി (ഫുള്‍ മൂണ്‍) അനുഭവപ്പെടും.
സൂപ്പര്‍മൂണും ബ്ലുമൂണും പൂര്‍ണ്ണചന്ദ്രഗ്രഹണവും ഒരുമിച്ച് വരുന്ന അപൂര്‍വ പ്രതിഭാസത്തെയാണ് കഴിഞ്ഞ മാസത്തില്‍ കണ്ടത്. 1982 ഡിസംബര്‍ 30 നാണ് ഏഷ്യയില്‍ ഈ വിസ്മയം കാണാന്‍ കഴിഞ്ഞത്. 152 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയില്‍ ഇത് കാണാന്‍ കഴിഞ്ഞത്. ഈ തലമുറയ്ക്ക് ഈ ജന്മം ഇത്തരമൊരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാനാവില്ലയെന്നുള്ളത് കൊണ്ട് ഈ ആകാശ വിസ്മയം പ്രത്യേകം ശ്രദ്ധ നേടിയിരുന്നു. |