Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
മനസ്സു തുറന്നൊരു കുമ്പസാരത്തിന് ഇനിയൊരു സ്ത്രീ തയാറാകുമോ?
Editor
ഇതുവരെ ശാസ്ത്രശാഖകള്‍ക്ക് പിടികിട്ടാത്ത സമസ്യയാണ് മനുഷ്യ മനസ്സ്. മനുഷ്യന്റെ ശരീരത്തില്‍ എവിടെയാണ് മനസ്സ് സ്ഥിതി ചെയ്യുന്നത് എന്ന കാര്യം പോലും ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. നെഞ്ചില്‍ കൈവച്ച് എന്റെ മനസ്സു പിടയുന്നു എന്നു പറഞ്ഞു ശീലിച്ചതിനാല്‍ ആ ഭാഗത്തെവിടെയോ ആണ് മനസ്സ് എന്നുള്ള വിശ്വാസം തത്ക്കാലം അതേപടി പിന്തുടരാം. മനസ്സിന്റെ വേദനകള്‍ പക്ഷേ അങ്ങനെയല്ല. അതിന് ആശ്വാസം പകരാനുള്ള മാര്‍ഗങ്ങള്‍ ഓരോരുത്തരും സ്വന്തം ഇഷ്ടപ്രകാരം കണ്ടെത്താറുണ്ട്. സമൂഹം എന്ന ചട്ടക്കൂടിന്റെ മര്യാദകളില്‍ നിലകൊള്ളുന്ന മത പ്രമാണങ്ങളില്‍ മനസ്സിന് ആശ്വാസമേകുന്ന ചിട്ടവട്ടങ്ങള്‍ നിരവധിയുണ്ട്. ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് മനസ്സിനെ വിശുദ്ധമാക്കുന്ന ദൈവികമായ കൗണ്‍സലിങ്ങാണ് കുമ്പസാരം. ഓരോ ക്രൈസ്തവരും ഹൃദയഭാരം ഇറക്കിവയ്ക്കുന്നത് ദൈവത്തിന്റെ മുന്നിലാണ് - കുമ്പസാരക്കൂടിന്റെ അങ്ങേപ്പുറത്തിരിക്കുന്ന പുരുഷനു മുന്നിലല്ല. ആത്മാവിലും ദൈവത്തിലും വിശ്വസിക്കുന്നവര്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരായാണ് കുമ്പസാരം കേള്‍ക്കുന്ന വൈദികരെ പ്രതീക്ഷിക്കുന്നത്. സഭകള്‍ ഉണ്ടാക്കിയ മര്യാദകള്‍ പ്രകാരം, കാനോനിക നിയമപ്രകാരം ബൈബിളിനെ വിശ്വസിക്കുന്ന, ക്രിസ്തുവില്‍ ജീവിതം അര്‍പ്പിച്ച സത്ബുദ്ധിയുള്ള മനുഷ്യരെയാണ് പ്രതീക്ഷിക്കുന്നത്.
ഒരു വീട്ടമ്മയെ അഞ്ച് വൈദികര്‍ കുറേക്കാലം കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു പറഞ്ഞ് ലൈംഗികമായി ഉപയോഗിച്ചത് മഹാപരാധമാണ്. ഭര്‍ത്താവിനെ ഭാര്യയും മക്കള്‍ മാതാപിതാക്കളെയും ചതിക്കുന്നതിനെക്കാള്‍ വലിയ തെറ്റ്. സഭയുടെ നിയമങ്ങള്‍ പ്രകാരം മാത്രമല്ല, രാജ്യത്തെ നിയമ പ്രകാരവും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. വഴി പിഴച്ച കുറച്ചുപേരുടെ തോന്നിവാസങ്ങളില്‍ മൊത്തം സഭകളും കുമ്പസാരക്കൂടും അപഹാസ്യമായി. മനസ്സു തുറന്നൊരു കുമ്പസാരത്തിന് ഇനിയൊരു സ്ത്രീ തയാറാകുമോ? പുരുഷന് ധൈര്യം വരുമോ?
കുമ്പസാരക്കൂടിന്റെ ദുരുപയോഗം പണ്ടും ഉണ്ടായിട്ടുണ്ട്. ചക്രവര്‍ത്തിമാരും മാര്‍പ്പാപ്പമാരുമായുള്ള കലഹത്തില്‍ ചക്രവര്‍ത്തിയുടെ പക്ഷത്തുള്ളവര്‍ക്ക് പുരോഹിതന്മാര്‍ പാപവിമോചനം നിഷേധിച്ച അവസരങ്ങളുണ്ട്. മതദ്രോഹവിചാരണകളിലും(Inquisition) കുമ്പസാരം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മിലാനിലെ മെത്രാപ്പോലീത്തയായിരുന്ന ചാള്‍സ് ബൊറെമിയോ പുണ്യവാളന്‍(153884), മതദ്രോഹികളുടെ പേരുകള്‍ വെളിപ്പെടുത്താതെ കുമ്പസാരിക്കുന്നവര്‍ക്ക് പാപവിമോചനം നല്‍കരുതെന്ന് പുരോഹിതന്മാരോട് നിര്‍ദ്ദേശിച്ചത് ഇതിന് ഉദാഹരണമാണ്. റഷ്യയിലെ പീറ്റര്‍ ചക്രവര്‍ത്തി 1722ല്‍ ഇറക്കിയ ഒരുത്തരവ്, ഭരണകൂടത്തിനെതിരെയുള്ള ഗൂഢാലോചനകളേയോ ചക്രവര്‍ത്തിയെ അപമാനിക്കുന്നതരം സംഭാഷണങ്ങളേയോ സംബന്ധിച്ചു കുമ്പസാരത്തിലൂടെ ലഭിക്കുന്ന അറിവ്, അധികാരികളെ അറിയിക്കാന്‍ പുരോഹിതന്മാരെ ബാദ്ധ്യസ്ഥരാക്കി. ഉത്തരവിന്റെ അവഗണനയ്ക്കു കഠിനശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ടായിരുന്നു.

'കാമാര്‍ത്തരായ പുരോഹിതബ്രഹ്മചാരികള്‍ കുമ്പസാരക്കൂട്ടില്‍ ഭാര്യമാരുടേയും പെണ്മക്കളുടേയും മാനം കവര്‍ന്നേക്കുമെന്ന ഭീതി മദ്ധ്യയുഗം മുതല്‍ കത്തോലിക്കാ പുരുഷന്മാരെ അലട്ടിയിരുന്നതായി' ഡയര്‍മെയ്ഡ് മക്കല്ലക് പറയുന്നു.

ഏഴു പ്രധാന കൂദാശകളിലൊന്നാണ് കുമ്പസാരം. കത്തോലിക്കാപൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളിലേതിന് സമാനമായ രീതിയില്‍ പുരോഹിതന്റെ മുന്‍പാകെ പാപങ്ങള്‍ രഹസ്യമായി ഏറ്റുപറയുന്ന കുമ്പസാരരീതിയാണ് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളിലും പൊതുവേ നിലവിലുള്ളത്. കുമ്പസാരത്തിന്റെ രഹസ്യാത്മകത നിലനിര്‍ത്താന്‍ പുരോഹിതര്‍ ബാധ്യസ്ഥരാണ്.

കോപ്ടിക് ഓര്‍ത്തഡോക്‌സ് സഭ രണ്ടു മാസത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. ഒരോ വിശ്വാസിയും ഒരു പുരോഹിതനെ സ്ഥിരമായി കുമ്പസാര പിതാവായി തെരഞ്ഞെടുക്കുന്ന പതിവാണുള്ളത്. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലും ഇതേ രീതി പിന്തുടരുന്നു. ഒരു വിശ്വാസി തന്നെ വ്യക്തിപരമായി അറിയാവുന്നതും തന്റെ പ്രശ്‌നങ്ങളെ അനുഭാവപൂര്‍വ്വം ശ്രവിക്കാനാവുമെന്ന് കരുതുന്നതുമായ ഒരു പുരോഹിതനെ കുമ്പസാരപിതാവായി തെരഞ്ഞെടുക്കുന്നു. യെനഫ്‌സ് അബ്ബാത് എന്നു അറിയപ്പെടുന്ന ഈ പുരോഹിതന്‍ ഇടക്കിടെ വിശ്വാസിയുടെ ഭവനം സന്ദര്‍ശിക്കുകയും ആവശ്യമായ ആത്മീയ സേവനങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്യുന്നു. വര്‍ഷത്തിലൊരിക്കല്‍ വിശ്വാസി തന്റെ പ്രാപ്തിക്കൊത്തവിധമുള്ള ഉപഹാരങ്ങള്‍ ഈ വൈദികനു സമ്മാനിക്കുന്ന പതിവുമുണ്ട്. കുമ്പസാരം ആവശ്യമെന്ന് തോന്നുന്ന അവസരങ്ങളില്‍ ദേവാലയത്തിലെത്തുന്ന വിശ്വാസിക്കൊപ്പം നടന്നു കൊണ്ടോ ഇരുന്നു കൊണ്ടോ ഇവര്‍ കുമ്പസാരം നിര്‍വ്വഹിക്കുന്നു. കുമ്പസാരത്തെ ആത്മീയ ഔഷധമായും കുമ്പസാരപിതാവിനെ ആത്മീയ വൈദ്യനായും വിശേഷിപ്പിക്കപ്പെടുന്നു.


പരിമിതമായ ചില സാഹചര്യങ്ങളില്‍ കുമ്പസാരത്തിന്റെ ഭാഗങ്ങള്‍ മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്താവുന്നതാണ്. എന്നാല്‍ ഇത് മനസ്താപക്കാരന്റെ അനുമതിയോടെയും അയാള്‍ തിരിച്ചറിയപ്പെടാന്‍ ഇടവരാത്തവിധവും വേണം. മെത്രാന്റെയോ മാര്‍പ്പാപ്പയുടെ തന്നെയോ അനുമതിയില്ലാതെ പാപമോചനം നല്‍കിക്കൂടാത്ത അസാധരണമാം വിധം ഗുരുതരമായ ചില കുറ്റങ്ങളുടെ കാര്യത്തിലാണ് ഇത് ബാധകമാവുന്നത്.

അമേരിക്കന്‍ ഐക്യനാടുകളിലേയും മറ്റും സിവില്‍ അധികാരികള്‍ കുമ്പസാരത്തിന്റെ രഹസ്യസ്വഭാവത്തെ സാധാരണഗതിയില്‍ മാനിക്കുന്നു. എന്നാല്‍ ഏതാനും വര്‍ഷം മുന്‍പ് ഒറിഗണ്‍ സംസ്ഥാനത്തെ പോര്‍ട്ട്‌ലാന്‍ഡിലെ ഒരു വക്കീല്‍, പുരോഹിതന്റേയോ മനസ്താപിയുടെയോ അറിവില്ലാതെ ഒരു കുമ്പസാരം രേഖപ്പെടുത്തുകയുണ്ടായി. സ്ഥലത്തെ മെത്രോപ്പോലീത്തയുടേയും വത്തിക്കാന്റെ തന്നെയും പ്രതിഷേധത്തിന് ഇതു കാരണമായി. ആ രേഖ വെളിപ്പെടുത്താന്‍ കോടതി അനുവദിച്ചില്ല. ആ കുമ്പസാരം രേഖപ്പെടുത്തിയത് അമേരിക്കന്‍ ഭരണഘടനയുടെ നാലാം ഭേദഗതിയുടെ ലംഘനമായിരുന്നെന്ന് വിധിച്ച ഫെഡറല്‍ കോടതി ഭാവിയില്‍ കുമ്പസാരം രേഖപ്പെടുത്തുന്നത് വിലക്കുകയും ചെയ്തു.


കേരളത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അപമാനമുണ്ടാക്കിയ ആ വാര്‍ത്ത ചുവടെ:


കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ഇതു സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് വൈദികര്‍ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതി എങ്കിലും യുവതിയുടെ വിശദമായ മൊഴി ശേഖരിച്ച ക്രൈംബ്രാഞ്ച് ഇവ വിശകലനം ചെയ്ത ശേഷമാണ് നാല് പേരെ മാത്രം പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ്, ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്, ഫാദര്‍ജോബ് മാത്യു, ഫാദര്‍ ജോണ്‍സണ്‍ മാത്യു എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാ!ഞ്ച് കേസെടുത്തിരിക്കുന്നത്. ഫാദര്‍ ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി. 2009ല്‍ യുവതി ജോബ് മാത്യു എന്ന വൈദികന് മുന്‍പായി കുമ്പസാരം നടത്തിയിരുന്നു. ഈ കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ആരംഭിച്ചു.

പിന്നീട് ഇയാള്‍ ഈ വിവരം പ്രതികളായ മറ്റു വൈദികരുമായും പങ്കുവയ്ക്കുകയും തുടര്‍ന്ന് അവരും തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ആരംഭിച്ചുവെന്നുമാണ് യുവതി ക്രൈംബ്രാഞ്ചിന് കൊടുത്ത മൊഴിയില്‍ പറയുന്നത്. എന്നാല്‍ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പീഡിപ്പിച്ചുവെന്ന പറയുന്ന മറ്റൊരു വൈദികനെതിരായി യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടില്ല. ഇതാണ് ഇയാളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ കാരണം.

അതിനിടെ ആരോപണവിധേയരായ വൈദികരെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന കാര്യം തീരുമാനിക്കാന്‍ ഇന്ന് നിരണം ഭദ്രാസനത്തില്‍ അടിയന്തരയോഗം ചേരുന്നുണ്ട്. ദില്ലി,കുഭക്കോണം ഭദ്രാസനങ്ങളിലെ വൈദികരാണ് പ്രതിപട്ടികയില്‍ ഉള്ളത്. നാല് മാസം മുന്‍പ് യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സഭയ്ക്കുള്ളില്‍ അഭ്യന്തര അന്വേഷണം നടന്നു വരികയാണെന്നായിരുന്നു സഭയുടെ നേരത്തെയുള്ള വിശദീകരണം.

ഇത്രയും ദിവസത്തിനിടെ പരാതിക്കാരന്റെ മൊഴിയാണ് മാത്രമാണ് അന്വേഷണസമിതി രേഖപ്പെടുത്തിയത്. എന്നാല്‍ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തതോടെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ നിര്‍ബന്ധിതരാവുകയായിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കില്ലെന്നും പക്ഷേ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും പൗലോസ് ദ്വിതീയന്‍ ബാവ പറഞ്ഞു.
 
Other News in this category

 
 




 
Close Window