Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഇനിയും പെരുമഴ പെയ്താല്‍ അണക്കെട്ട് തുറന്ന് നാടിനെ വെള്ളത്തില്‍ മുക്കരുത്
editor
വെള്ളപ്പൊക്കം കേരളത്തിന്റെ ഒരു ഭാഗം തകര്‍ത്തു. വീടും പറമ്പും പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ നിരവധി. കൃഷി ആശ്രയിച്ച് ജീവിച്ചിരുന്ന ഒട്ടേറെ പേര്‍ക്ക് ഇനി എന്തു ചെയ്യണമെന്ന് അറിയില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ലോണ്‍ വീടു നന്നാക്കാനാണ്. വീടു നഷ്ടപ്പെട്ടവര്‍ എന്തു ചെയ്യും? ആരെയെങ്കിലും കുറ്റപ്പെടുത്തിയിട്ട് പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയില്ല. അകമഴിഞ്ഞുള്ള സഹായങ്ങള്‍ മാത്രമേ ഉപകാരപ്പെടുകയുള്ളൂ. അതേസമയം പേമാരി പ്രകൃതിയുടെ താണ്ഡവമായിരുന്നു എന്നു വിശ്വസിക്കാം. അണക്കെട്ടുകള്‍ തുറന്നു വിട്ടതുകൊണ്ടുണ്ടായ അമിതമായ ജലപ്രവാഹം വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി കൂട്ടി എന്നതു നിര്‍ബന്ധമായും പരിശോധിക്കപ്പെടേണ്ടതാണ്, അന്വേഷിക്കപ്പെടേണ്ടതാണ്. വീണ്ടുമൊരിക്കല്‍ തുടര്‍ച്ചയായി മഴ പെയ്യില്ലെന്ന് പ്രവചിക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ അണക്കെട്ടുകള്‍ വീണ്ടും പരിധിവിട്ട് നിറയുമെന്ന് ഉറപ്പാണല്ലോ. ആ സമയത്തും ഇതുപോലെ ദുരന്തം ഉണ്ടാകരുത്. അതിനു കണക്കെടുപ്പു വേണം. വൈദ്യുതി വകുപ്പാണോ, ജലവിതരണ വകുപ്പാണോ അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളം തുറന്നു വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം ഉണ്ടാകണം. അല്ലെങ്കില്‍ എമര്‍ജന്‍സി സാഹചര്യങ്ങളില്‍ നിയന്ത്രണം ഇക്കാര്യത്തില്‍ അറിവും പരിചയവുമുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പ്പിക്കണം. ഇടുക്കി ആര്‍ച്ച് ഡാം തുറക്കുന്നതിനു മുന്‍പ് ഒഴുകുന്ന വെള്ളത്തിന്റെ കണക്കും ആ വെള്ളം കയറിപ്പോകാന്‍ ഇടയുള്ള സ്ഥലങ്ങളുടെ കണക്കും സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിച്ചു. ആദ്യ ദിവസങ്ങളില്‍ അതുകൊണ്ടു തന്നെ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. എന്നാല്‍, മുല്ലപ്പെരിയാര്‍, കക്കി, ശബരിഗിരി എന്നിവിടങ്ങളിലെ അണക്കെട്ടില്‍ ഈ നിര്‍ണയം ഉണ്ടായോ? ഇല്ല. പത്തനംതിട്ട ജില്ല വെള്ളത്തില്‍ മുങ്ങാന്‍ കാരണം പമ്പയാറിന്റെ കൈവഴികളെ കുറിച്ചുള്ള ധാരണയില്ലായ്മ തന്നെയാണ്. പമ്പയാറിന്റെ വീതി സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരമാണോ ഇപ്പോള്‍? അല്ലെന്ന് ഉറപ്പാണ്. ഇതു തന്നെയാണ് കേരളത്തിലെ എല്ലാ നദികളുടെയും അവസ്ഥ. എല്ലാ നദികളുടെയും തീരങ്ങള്‍ കയ്യേറ്റം ഉണ്ടായിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ആരുടെ ചുമലില്‍ വച്ചു കെട്ടും?
വെള്ളപ്പൊക്കം കണ്ടു പരിചയിച്ച മറ്റു സംസ്ഥാനങ്ങളില്‍ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്തു തഴക്കവും പഴക്കവുമുള്ളയാളുകളുടെ സേവനം തേടണം. അല്ലാതെ വെള്ളപ്പൊക്കം വന്നതിനു ശേഷം അങ്ങോട്ടുമിങ്ങോട്ടും പഴിചാരി ഉത്തരവാദിത്തം മറക്കലാണോ ശരിയായ ഭരണ ചുമതല? മറ്റു രാജ്യങ്ങളോടു സഹായിക്കണമേ എന്ന് അഭ്യര്‍ഥിച്ച് സ്വയം ലജ്ജിതരാകുന്ന അവസ്ഥ രാജ്യത്തിന്റെ കഴിവുകേടിനെ, പിടിപ്പുകേടിനെയാണ് വ്യക്തമാക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ അന്തസിനു യോജിച്ചതല്ല അത്തരം അഭ്യര്‍ഥന.
ജൂലൈ - ഓഗസ്റ്റ് മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷകാലത്ത് ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. മഴയെത്തുടര്‍ന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. ചരിത്രത്തിലാദ്യമായി കേരളത്തിലെ 54 അണക്കെട്ടുകളില്‍ എണ്ണവും തുറന്നുവിടേണ്ടി വന്നു. 26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകള്‍ ഒരുമിച്ചു തുറന്നത്. അതിശക്തമായ മഴയില്‍ വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ടുവെന്നു പറയാം. നദികള്‍ കരകവിഞ്ഞൊഴുകിയത് റോഡ്, റെയില്‍, വ്യോമ ഗതാഗത ശൃംഖലകളെ പ്രതികൂലമായി ബാധിച്ചു. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018ലെ വെള്ളപ്പൊക്കം വിശേഷിപ്പിക്കപ്പെടുന്നത്. കനത്ത മഴയിലും, പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഏകദേശം 483 പേര്‍ മരിച്ചതായും 14 പേരെ കാണാതായതായും 140 പേര്‍ ആശുപത്രിയിലായതായും മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയെ അറിയിച്ചത്. കാലവര്‍ഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളില്‍ നിന്നായി 14,50,707 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജിവിക്കേണ്ടി വന്നു.
അല്‍പ്പമെങ്കിലും ജനങ്ങളോട് കൂറുണ്ടെങ്കില്‍ കെഎസ്ഇബിയും വാട്ടര്‍ അഥോറിറ്റിയും തമ്മില്‍ ഇനിയെങ്കിലും അണക്കെട്ടുകളിലെ മത്സരം അവസാനിപ്പിക്കുക. ഉദ്യോഗസ്ഥര്‍ തമ്മിലാണു തര്‍ക്കമെങ്കില്‍ സര്‍ക്കാര്‍ ഇടപെടുക. സര്‍ക്കാരാണ് തടസം നില്‍ക്കുന്നതെങ്കില്‍ ഉദ്യോഗസ്ഥര്‍ അതു പുറം ലോകത്തെ അറിയിക്കുക. മൊബൈല്‍ ക്യാമറകളും ആധുനിക സാങ്കേതിക വിദ്യകളും അതിനായി ഉപയോഗിച്ചാല്‍ സമൂഹത്തിന് ഉപകാരപ്പെടും. ജോലി പോകുമെന്ന ഭയം കൊണ്ടു മാത്രം മിണ്ടാതെ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഏതെങ്കിലുമൊരു മാധ്യമ സ്ഥാപനത്തിന്റെ മേലധികാരിയെ പരോക്ഷമായെങ്കിലും വിവരം അറിയിക്കുക. പരസ്യ താത്പര്യങ്ങളുണ്ടെങ്കിലും മാധ്യമ സ്ഥാപനങ്ങള്‍ ജനങ്ങളുടെ കരുണയിലാണ് നിലനില്‍ക്കുന്നത്. അവര്‍ നോക്കിക്കോളും ബാക്കി കാര്യം.
 
Other News in this category

 
 




 
Close Window