ലോക രാഷ്ട്രങ്ങള്‍ എക്കാലത്തും അദ്ഭുദത്തോടെ നോക്കി കാണുന്ന രാജ്യമാണ് ഇന്ത്യ. നൂറായിരം ജാതികളും അതിന്റെ പകുതിയോളം മതങ്ങളും ഇന്ത്യയെന്ന കുടയുടെ കീഴില്‍ ഒത്തൊരുമയോടെ കഴിയുന്നു. നാനാത്വത്തിലും പുലരുന്ന ഐക്യം എന്നും നിലനില്‍ക്കണം. മതത്തിന്റെയും വിശ്വാസങ്ങളുടേയും പേരില്‍ ഏകത തകര്‍ക്കപ്പെടരുത്. മതവും ജാതിയും അതിലൂന്നിയുള്ള രാഷ്ട്രീയ ചരടുവലികളും രാഷ്ട്രത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കരുത്. പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യയ്ക്ക് വിദ്യാഭ്യാസവും സാങ്കേതിക വൈദഗ്ധ്യവുമുള്ള പുതു തലമുറയേയാണ് ആവശ്യം. മതവും ജാതിയും കേന്ദ്രീകരിച്ച് പരസ്പരം കലഹിക്കുന്ന ജനക്കൂട്ടത്തെയല്ല. മതവിശ്വാസം മനസ്സിലും ഇന്ത്യക്കാര്‍ എന്ന ബോധം ബുദ്ധിയിലും നിലനിര്‍ത്തുന്ന യുവത്വത്തിന് ജീവിക്കാനുള്ള സാഹചര്യം സമൂഹവും രാഷ്ട്രീയ കക്ഷികളും ഭരണകര്‍ത്താക്കളും ഒരുക്കണം. പഴയ യുഗത്തിലേക്കല്ല, പുതിയ ലോകത്തേക്കാണ് സഞ്ചരിക്കേണ്ടത്. സാംസ്‌കാരിക പൈതൃകവും നാടിന്റെ തനിമയും ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം പാലിച്ചുകൊണ്ടു തന്നെ അതു സാധ്യമാണ്.
അയോധ്യയിലെ തര്‍ക്കഭൂമി സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് വന്നു. ഒട്ടേറെ വര്‍ഷങ്ങളായി ഇതു സംബന്ധിച്ച് നിലനിന്നിരുന്ന അഭിപ്രായ ഭിന്നത ഇതോടെ അവസാനിക്കട്ടെ. ഇന്ത്യയില്‍ മറ്റൊരിടത്തും അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും പരസ്പരം സ്‌നേഹത്തോടെ കരുതലോടെ ജീവിക്കണം.
ലിഖിതങ്ങളും പുരാണങ്ങളും ബ്രിട്ടീഷ് ഭരണകാലത്തിറങ്ങിയ ഗസറ്റുകളും ചരിത്ര പുസ്തകങ്ങളും രാമജന്മഭൂമിയെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നുവെന്ന് അയോധ്യ കേസിലെ സുപ്രീംകോടതി വിധി ന്യായത്തില്‍ പറയുന്നു.
വിക്രമാദിത്യ രാജാവ് രാമജന്മഭൂമിയില്‍ പണിത ക്ഷേത്രം തകര്‍ത്താണ് 1528 ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ മന്ത്രി മുഹമ്മദ് ബിര്‍ ബഖ്വി നിര്‍മ്മിച്ചതെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചു. ക്ഷേത്രം തകര്‍ത്തെങ്കിലും ഹിന്ദുക്കള്‍ അവിടെ തുടര്‍ന്നും ആരാധന നടത്തിയതും തര്‍ക്കസ്ഥലത്തുണ്ടായിരുന്ന സീതാ രസോയി, രാം ചബൂത്ര എന്നിവയും രാമജന്മഭൂമി എന്ന വാദത്തിന് ബലം നല്‍കുന്നുവെന്ന് കോടതി കണ്ടെത്തി. പിന്നീട് പള്ളിയും ചബൂത്രവും ഇരുമ്പ് ഭിത്തിയാല്‍ വിഭജിച്ചെങ്കിലും രാമജന്മഭൂമിയിലെ വിശ്വാസം ഇല്ലാതാകുന്നില്ല.പുരാണങ്ങളും ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന 1838ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഗസറ്റും ക്ഷേത്രം പൊളിച്ച് പള്ളി പണിതായി പരാമര്‍ശിക്കുന്ന മിര്‍ സാജാന്‍ എഴുതിയ 1856ലെ ഹാദിത്ത് ഇസെബ എന്ന പുസ്‌കവും കോടതി തെളിവായി പരിഗണിച്ചു. ബ്രിട്ടീഷ് രേഖകളില്‍ ബാബറി പള്ളിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ 'മോസ്‌ക് ജന്‍മസ്ഥാന്‍' എന്നു സൂചിപ്പിച്ചതും കോടതി കണക്കിലെടുത്തു. സ്‌കന്ദ പുരാണത്തിലെ അയോദ്ധ്യാ മഹാത്മ്യത്തില്‍ ലോമേശ മുനിയുടെ ആശ്രമത്തിന് പടിഞ്ഞാറായും വിഘ്‌നേശ്വര ക്ഷേത്രത്തിന് കിഴക്കായും വസിഷ്ഠ മുനി ആശ്രമത്തിന്റെ വടക്കായുമാണ് രാമജന്മസ്ഥാനമെന്ന് പറയുന്നു.190102 കാലത്ത് എഡ്വേര്‍ഡ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ സ്‌കന്ദപുരാണത്തില്‍ പറയുന്ന ലോമേശ മുനിയുടെ ആശ്രമത്തിന്റെ അതിരില്‍ കല്ലിട്ടെന്ന മൊഴിയുണ്ടെന്നും വിധിയില്‍ പറയുന്നു. ഈ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയാണ് ഹിന്ദുക്കള്‍ രാമജന്മഭൂമിയായി അയോധ്യയില്‍ ആരാധന നടത്തുന്നത്.
ഹിന്ദു കക്ഷികള്‍ വാദിച്ചത്:
ഹിന്ദു കക്ഷികളുടെ അഭിഭാഷകരായ കെ.പരാശരന്‍, സി.എസ്. വൈദ്യനാഥന്‍, പി. എസ്. നര്‍സിംഹ, പി. എന്‍. മിശ്ര എന്നിവര്‍ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് അയോദ്ധ്യ രാമന്റെ ജന്മസ്ഥലമാണെന്ന വാദങ്ങള്‍ നിരത്തിയത്. വാല്‍മീകി രാമായണം, സ്‌കന്ദ പുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളും വാദമുഖങ്ങളില്‍ വന്നു. സ്‌കന്ദപുരാണത്തില്‍ രാമജന്മഭൂമിയെക്കുറിച്ച് പരാമര്‍ശിക്കുന്ന സ്ഥലങ്ങള്‍ അയോദ്ധ്യയില്‍ ഇപ്പോഴുമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ക്രിസ്തുവിനു മുന്‍പ് മുതല്‍ തന്നെ അയോദ്ധ്യ രാമജന്‍ഭൂമിയെന്ന വിശ്വാസത്തില്‍ ജനങ്ങള്‍ ആരാധിച്ചിരുന്നു. ചരിത്ര സഞ്ചാരികളുടെ രേഖകളും പ്രസിദ്ധീകരിക്കപ്പെട്ട ചരിത്ര രേഖകളും വിശ്വാസം ഉറപ്പിക്കുന്നു. പ്രസിദ്ധീകരിക്കപ്പെട്ട ചരിത്ര രേഖകള്‍ക്ക് ഇന്ത്യന്‍ തെളിവ് നിയമപ്രകാരം സാധുതയുണ്ട്.
മുസ്‌ളിം കക്ഷികളുടെ വാദം:
പള്ളി പണിയുന്ന സമയത്ത് അവിടെ ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവൊന്നുമില്ലെന്നാണ് മുസ്‌ളീം കക്ഷികള്‍ വാദിച്ചത്. ഹിന്ദുപുരാണങ്ങളെ തെളിവായി അംഗീകരിക്കാന്‍ കഴിയില്ലെന്നും രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. അയോധ്യ കാവ്യ സങ്കല്‍പത്തിലുള്ള സ്ഥലമാണ്. പ്രാദേശിക വിശ്വാസങ്ങളാണ് ചരിത്ര ഗ്രന്ഥങ്ങള്‍ക്ക് ആധാരം. രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന ഹിന്ദു വിശ്വാസം അംഗീകരിക്കുന്നെങ്കിലും ബാബറി പള്ളി നിന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നുവെന്ന വാദം തള്ളിയാണ് മുസ്‌ളീം കക്ഷികളുടെ അഭിഭാഷകരായ മുസ്താഖ് അഹമ്മദ്, സഫര്‍യബ് ജിലാനി തുടങ്ങിയവര്‍ വാദിച്ചത്.
അയോധ്യയിലെ ബാബറി മസ്ജിദ് രാമജന്മഭൂമി തര്‍ക്ക കേസിലെ വിധി രാജ്യം അംഗീകരിച്ചെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ജുഡീഷ്യറിയുടെ സുതാര്യത ഊട്ടിയുറപ്പിക്കുന്ന വിധിയാണിത്. ദശാബ്ദങ്ങള്‍ പഴക്കമുള്ള തര്‍ക്കം അവസാനിച്ചു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യന്‍ ജനത പുതിയ ചരിത്രം എഴുതിയിരിക്കുകയാണ്. ഇന്ത്യന്‍ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിപ്പിക്കുന്ന വിധിയാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
അയോധ്യയെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഇവിടെ അവസാനിക്കട്ടെ. അതുപോലെ ഇന്ത്യയിലെ മറ്റൊരു ആരാധനാലയത്തിലും ഇതുപോലെ തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ. ഇന്ത്യയുടെ ശക്തിക്ക് ജനങ്ങളുടെ ഐക്യമാണ് ആവശ്യം. അതു തകര്‍ക്കപ്പെടരുത്. ഓരോരുത്തരും അതു സ്വയം തിരിച്ചറിയട്ടെ. |