ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍പ്രതിഷേധം. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസായതിന് എതിരേയാണ് പ്രതിഷേധം. ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മത വിവേചനം ആണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുസ്ലിം വിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. ബില്‍ തികച്ചും മനുഷ്യത്വ പരമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷങ്ങളെ ഇത് സഹായിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നുണ്ട്. ബില്ലിന്റെ ഭേദഗതിയിലെ വിശദാംശങ്ങള്‍ പരിശോധിക്കാം.
2014, ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് ഭേദഗതി പ്രകാരം പൗരത്വം നല്‍കുക. നേരത്തെ, 11 വര്‍ഷം ഇന്ത്യയില്‍ താമസിച്ചാലേ പൗരത്വത്തിന് അര്‍ഹതയുണ്ടാകൂ. പുതിയ ബില്ലില്‍ അത് അഞ്ച് വര്‍ഷം വരെ എന്നാക്കി കുറച്ചു. ആര്‍ക്കെങ്കിലുമെതിരെ അനധികൃത താമസത്തിനു കേസുണ്ടെങ്കില്‍ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും.
പൗരത്വത്തിനുള്ള ആവശ്യകതകള്‍ സ്വാഭാവിക വല്‍ക്കരണത്തിലൂടെ ബില്‍ ഇളവ് ചെയ്തിട്ടുണ്ട്. അനധികൃത ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ ആറ് മതങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യയില്‍ താമസിക്കേണ്ട കാലാവധി ആറ് വര്‍ഷമായി ബില്‍ കുറച്ചിട്ടുണ്ട്.
1955ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. എന്നാല്‍, ബില്ലില്‍ പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങള്‍ക്ക് ഈ പരിഗണനയില്ല.
കേന്ദ്ര സര്‍ക്കാര്‍ അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യന്‍ പൗരന്‍മാരുടെ പട്ടിക ഉണ്ടാക്കുന്നതിനെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നു പറയുന്നത്. ആദ്യം അസമിലാണ് പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കിയത്. എന്നാല്‍, രാജ്യം മുഴുവനായും പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നവംബര്‍ 20ന് പറഞ്ഞിരുന്നു.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ രാത്രി 12.05നാണ് ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ വോട്ടിനിട്ട് പാസായി. രാജ്യസഭയിലും പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ ബില്‍ പാസായി.
പാര്‍ലമെന്റിലെ രണ്ട് സഭകളും പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ പ്രാബല്യത്തില്‍ വരും. കേരള മുഖമന്ത്രി ഈ ബില്‍ നടപ്പാക്കില്ലെന്ന് ഒരു പ്രസംഗത്തില്‍ പറഞ്ഞു. ബംഗാളിലും ശക്തമായ എതിര്‍പ്പാണ്. ഐക്യരാഷ്ട്ര സഭയും അമേരിക്കയും ബില്ലിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിവേചനമില്ലാത്ത, കലാപങ്ങളില്ലാത്ത ഇന്ത്യയാണ് ജനങ്ങള്‍ക്ക് ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ അതിനായി പരിശ്രമിക്കുമെന്നു പ്രതീക്ഷിക്കാം. |