രണ്ടാഴ്ചകളായി അമേരിക്കന്‍ സംസ്ഥാനമായ ഒറിഗോണില്‍ കാട്ടുതീയില്‍ 3,00,000 ലക്ഷത്തിലധികം ഭൂമി കത്തി നശിച്ചു. ഏതാനും ആഴ്ചകളായി അമേരിക്കയുടെയും കാനഡയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും തുടരുന്ന അതിതീവ്ര ഉഷ്ണതരംഗത്തില്‍ അമേരിക്കയിലെ 13 സംസ്ഥാനങ്ങളിലെ 80 സ്ഥലങ്ങളില്‍ തീ പടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്നും ഇതിനകം ഒഴിപ്പിച്ചു. ഒറിഗോണ്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തങ്ങളിലൊന്നാണിത്. ബൂട്ട്‌ലെഗ് ഫയറെന്ന് പേരില്‍ അറിയപ്പെടുന്ന ഈ തീപിടിത്തം അണയ്ക്കാനായി ഏതാണ്ട് രണ്ടായിരത്തിലധികം അഗ്‌നിശമന സേനാംഗങ്ങളാണ് കര്‍മ്മനിരതരായിരംഗത്തുള്ളത്. ജൂലൈ ആറിനാണ് ആദ്യമായി തീ കണ്ടെത്തിയത്. രണ്ടാഴ്ചകള്‍ക്കുള്ളില്‍ ലോസ് ഏഞ്ചല്‍സ് നഗരത്തേക്കാള്‍ വലിയ പ്രദേശം ഇതിനകം കത്തിനശിച്ചെന്ന് അധികൃതര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് ഇത്രയധികം കാട്ടുതീക്ക് കാരണമാകുന്നതായി വിദഗ്ദര്‍ പറയുന്നു. കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇതില്‍ ഏറ്റവും വലിയ തീപിടിത്തമാണ് ഒറിഗോണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 160 വീടുകളും കെട്ടിടങ്ങളും നശിച്ചപ്പോള്‍ പ്രദേശത്തെ ഏതാണ്ട് 2000 ത്തോളം വീടുകള്‍ ഉപേക്ഷിച്ച് ആളുകള്‍ പോയതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
കുറച്ച് ദിവസങ്ങളായി തീയുടെ വ്യാപന പരിധിയുടെ നാലിലെന്ന് കുറഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. കാലാവസ്ഥ ശരിക്കും ഞങ്ങള്‍ക്ക് എതിരാണെന്ന് ഓപ്പറേഷന്‍സ് വിഭാഗം മേധാവി ജോണ്‍ ഫ്‌ലാനിഗന്‍ യുഎസ് മാധ്യമങ്ങളോട് പറഞ്ഞു.
ഉഷ്ണതരംഗം വീശുന്നതിനാല്‍ വായു വല്ലാതെ ചൂടാണ്. അതോടൊപ്പം വരണ്ട കാറ്റ് വീശുന്നതും ചൂട് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പോര്‍ട്ട്ലാന്‍ഡിന് തെക്ക്-കിഴക്ക് 300 മൈല്‍ (480 കിലോമീറ്റര്‍) ദൂരത്തില്‍ കത്തുന്ന തീ 160 കെട്ടിടങ്ങളെ ഇതിനകം കത്തിയെരിച്ചതായും ആയിരക്കണക്കിന് പേര്‍ക്ക് ഭീഷണിയുര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.
ക്ലമത്ത് വെള്ളച്ചാട്ടം, റെഡ്മണ്ട് എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കായി രണ്ട് അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്നു. ഈ ആഴ്ചയും ഉഷ്ണതരംഗ സാധ്യയുണ്ടെന്ന കാലാവസ്ഥാ പ്രവചനമുള്ളതിനാല്‍ തീ അണയ്ക്കുന്നത് അപ്രായോഗികമാകും.
കടുത്ത വരള്‍ച്ചയാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതോടൊപ്പം താപനില സാധാരണ നിലയേക്കാള്‍ 10 മുതല്‍ 15 ഡിഗ്രിക്ക് മുകളിലേക്ക് പോകാമെന്നും റിപ്പോര്‍ട്ടുണ്ട്.
ദേശീയ അഗ്‌നിശമന കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം അമേരിക്കയുടെ 1.2 മീറ്ററിലധികം ഏക്കര്‍ പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നു കഴിഞ്ഞു. 2021 ല്‍ ഇതുവരെ 4,000 ലധികം തീപിടിത്തങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം കത്തിയെരിഞ്ഞ പ്രദേശത്തിന്റെ ഇരട്ടിയാണ് ഇത്തവണ കത്തിയെരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കാലിഫോര്‍ണിയയില്‍ മാത്രം, അഞ്ചിരട്ടി ഏക്കര്‍ കത്തിനശിച്ചു.
പടിഞ്ഞാറന്‍ പ്രദേശത്ത് സാധാരണ അമുഭവപ്പെടാറുള്ള കാട്ടുതീയേക്കാള്‍ പല മടങ്ങാണ് ഇത്തവണ ഉയര്‍ന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ഉയര്‍ന്ന ഉഷ്ണതരംഗമാണ് ഇത്രയും വ്യാപകമായി കാട്ടുതീ പടരാന്‍ കാരണമെന്ന് അധികാരികള്‍ പറയുന്നു.
കാനഡയില്‍, കഴിഞ്ഞ ആഴ്ചയില്‍ മാത്രം 150 ലധികം പുതിയ കാട്ടുതീകള്‍ ആരംഭിച്ചതായി കനേഡിയന്‍ ഇന്ററാജന്‍സി ഫോറസ്റ്റ് ഫയര്‍ സെന്റര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടരുന്ന വരള്‍ച്ച ഇത്തവണ ചരിത്രപരമായ കാട്ടുതീക്ക് കാരണമായെന്ന് കരുതുന്നു.
കാലാവസ്ഥാ വ്യതിയാനം കാട്ടുതീക്ക് കാരണമാകുന്ന ചൂടുള്ള വരണ്ട കാലാവസ്ഥയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു.
വ്യാവസായിക യുഗം ആരംഭിച്ചതിന് ശേഷം ഭൂമി 1.2 സെന്റിഗ്രേഡ് വരെ ചൂട് കൂടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരുകള്‍ കാര്‍ബണ്‍ ഉദ്വമനം കുത്തനെ വെട്ടിക്കുറച്ചില്ലെങ്കില്‍ താപനില ഇനിയും ഉയരുമെന്നും ഇത് കൂടുതല്‍ ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ലോകവ്യാപകമായി കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും, ഓസ്‌ട്രേലിയയിലും കാനഡയിലും അമേരിക്കയിലും ആമസോണ്‍ കാടുകളിലും ഇന്ത്യോനേഷ്യയിലും വ്യാപകമായ കാട്ടുതീയാണ് കഴിഞ്ഞ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. |