Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Dec 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
യുകെയിലെ മലയാളികളുടെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ ഒരു ഓര്‍മപ്പെടുത്തല്‍
Editor
രണ്ടു ചോദ്യങ്ങളാണ് ഇപ്പോള്‍ യുകെ അഭിമുഖീകരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വേര്‍പിരിഞ്ഞത് രാജ്യത്തിന് ഗുണകരമായോ; യൂണിയനില്‍ നിന്നുള്ള വിടുതല്‍ രാജ്യത്തെ ഏതെല്ലാം രീതിയില്‍ ബാധിച്ചു?

കോവിഡ് മഹാമാരി ലോകത്ത് എല്ലാ രാജ്യങ്ങളെയും സാമ്പത്തികമായി തകര്‍ത്തു; പക്ഷേ, യുകെ ഈ വൈറസിനു മുന്നില്‍ ഇപ്പോഴും പകച്ചു നില്‍ക്കുന്നു. ആരോഗ്യരംഗത്ത് ലോകത്ത് ഏറ്റവും മികച്ചു നില്‍ക്കുന്നതു യുകെയാണെന്ന് പറഞ്ഞത് കള്ളത്തരമായിരുന്നോ? അതേ നുണയില്‍ ന്യായീകരിക്കുകയാണോ സാമ്പത്തികമായ പ്രശ്‌നങ്ങളും ?
ബ്രെക്‌സിറ്റിലൂടെ ഇയു വിട്ടത് നേട്ടമെന്നു വിശദീകരണം ഉണ്ടെങ്കില്‍ ഇപ്പോഴത്തെ യുകെയുടെ സാമ്പത്തികം, വാണിജ്യ-വിനിമയം, പൊതു വരുമാനം എന്നിവ വിശദമാക്കേണ്ടി വരും. എല്ലാ നിലയിലും യുകെ പഴയതിനെക്കാള്‍ ശക്തമെന്നു തെളിയിക്കേണ്ടി വരും. അതിന്റെ ബാധ്യത സ്വാഭാവികമായും പ്രധാനമന്ത്രിക്കാണ്. അദ്ദേഹം അങ്ങനെയൊരു വിശദീകരണത്തിലേക്ക് ഇതുവരെ സ്വന്തം പാര്‍ട്ടിയില്‍ പോലും തയാറായില്ല. റിഷിയുടെ ഉത്തരവാദിത്തമെന്നു പറഞ്ഞ്, ഇന്ത്യന്‍ വംശജന്റെ ചുമലിലേക്ക് താല്‍ക്കാലിക പ്രശ്‌നങ്ങളെല്ലാം ചാരിവച്ചു. അതു തന്നെയാണ് സ്വന്തം അണികള്‍ ബോറിസിനെതിരേ ഇപ്പോള്‍ മെനഞ്ഞിട്ടുള്ള തന്ത്രത്തിന്റെ അടിത്തറ. അഥവാ ലേബറുകളെ അടിത്തറ പറ്റിക്കാന്‍ 10 വര്‍ഷം മുന്‍പ് ബോറിസ് മുന്നോട്ടു വച്ച ബുദ്ധി തന്നെയാണ് ഇത്.
സ്വന്തം പാര്‍ട്ടിയില്‍ ബോറിസിനു സംഭവിച്ച അടിയൊഴുക്ക് നോക്കുക. എതിര്‍ പക്ഷത്തുള്ള ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചില്ലെങ്കില്‍ വാക്സിന്‍ പാസ്പോര്‍ട്ട് നിയമം പ്രധാനമന്ത്രിക്ക് പാസാക്കാന്‍ കഴിയുമായിരുന്നില്ല. ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയിലാണ് 243 ഭൂരിപക്ഷത്തില്‍ നിയമം പാസായത്. വാക്സിന്‍ പാസ്പോര്‍ട്ട് നടപ്പാക്കാനുള്ള നിയമത്തിന് എതിരെ 126 എംപിമാരാണ് വോട്ട് ചെയ്തത്. ഇതില്‍ 99 കണ്‍സര്‍വേറ്റീവ് എംപിമാര്‍ ഉള്‍പ്പെടുന്നു. അത് പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം അപമാനമാണ്.
അടുത്തിടെ എന്‍എച്ച്എസ് നേരിടുന്ന വലിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ ബോറിസ് സര്‍ക്കാര്‍ വട്ടക്കൊട്ടയ്ക്ക് വെള്ളം കോരുന്ന അവസ്ഥയിലാണ്. ആരോഗ്യമേഖല കരകയറാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ചാക്കില്‍ പണം നിറച്ച് ചെലവാക്കേണ്ടി വരും. അങ്ങനെ ചെയ്യാന്‍ പറ്റില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് എവിടെ നിന്നായാലും നഴ്‌സുമാരേയും ഡോക്ടര്‍മാരേയും കൊണ്ടു വരാന്‍ ഉത്തരവ് ഇറക്കാന്‍ ആരോഗ്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
ഇവിടെയൊന്നും അവസാനിക്കുന്നില്ല ബോറിസിന്റെ പ്രതിസന്ധികള്‍. ആദ്യം ഇയു വിടുതല്‍, പിന്നീട് കോവിഡ് രണ്ടും മൂന്നും തരംഗം, അതു കഴിഞ്ഞ് ഒമിക്രോണ്‍ - രാഷ്ട്രം സാമ്പത്തികമായി ആടിയുലഞ്ഞു. തൊഴില്‍ മേഖല തകര്‍ന്നു. ബിസിനസുകള്‍ പൊളിഞ്ഞു. തട്ടിക്കൂട്ട് സ്ഥാപനങ്ങള്‍ കിട്ടിയ അവസരത്തില്‍ സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം പരമാവധി ചോര്‍ത്തി. അതിനൊപ്പം കുറേ താല്‍ക്കാലിക ജോലിക്കാര്‍ പട്ടിണിയിലായി. ഇതിന്റെയൊക്കെ ബാധ്യത പൊതുകടമായി ഖജനാവിന് ബാധ്യതയായി.
അതിന്റെയെല്ലാം പ്രതിഫലനം വോട്ടിങ്ങിലാണ് പ്രതിഫലിക്കുക എന്ന സത്യം ടോറികളിലെ പുകഴ്ത്തലുകാര്‍ക്കാര്‍ പതുക്കെ വ്യക്തമായി തുടങ്ങിയിട്ടുണ്ട്. 200 വര്‍ഷം കണ്‍സര്‍വേറ്റീവുകള്‍ തുടര്‍ച്ചയായി വിജയിച്ചു വന്ന സീറ്റില്‍ ഉപതിരഞ്ഞെടുപ്പില്‍ അവര്‍ക്കു കനത്ത പരാജയം നേരിടേണ്ടിവന്നു. ഇംഗ്ലണ്ടിലെ ഷ്രോപ്‌ഷെയറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് വന്‍ പരാജയം നേരിട്ടു. ലിബറല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹെലന്‍ മോര്‍ഗന്‍ 5,925 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. 46.2% മാത്രമായിരുന്നു നിയോജക മണ്ഡലത്തിലെ പോളിംഗ്. കഴിഞ്ഞ തവണ കണ്‍സര്‍വേറ്റീവുകള്‍ക്ക് 23,000 വോട്ടിന്റെ ഭുരിപക്ഷമുണ്ടായിരുന്ന മണ്ഡലമാണിത്. മുന്‍ എം.പി ഓവന്‍ പാറ്റേഴ്‌സണ്‍ പാര്‍ലമെന്ററി നിയമങ്ങള്‍ ലംഘിച്ചതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബോറിസ് ജോണ്‍സന്റെ ഭരണം ജനങ്ങള്‍ വെറുത്തു കഴിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ വിജയമെന്ന് പുതിയ എംപി ഹെലന്‍ മോര്‍ഗന്‍ വിജയത്തിനുശേഷം പ്രതികരിച്ചു. അത് പൊതുവേ സ്ത്രീകള്‍ കയ്യടിച്ച് കേട്ടു.
കഴിഞ്ഞ മാസം ലണ്ടന്‍ ബറോയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും ടോറികള്‍ക്കു വലിയതോതില്‍ ലീഡ് കുറഞ്ഞിരുന്നു. വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ ലേബര്‍ ലീഡ് ആറ് പോയിന്റില്‍ നിന്നും 14 പോയിന്റായി ഉയര്‍ന്നു 46 ശതമാനമായി. ടോറികള്‍ നാല് പോയിന്റ് താഴ്ന്ന് 31 ശതമാനത്തിലെത്തി.
വോട്ടിങ്ങിന്റെ ശതമാനം നോക്കി ജനത്തെ വേര്‍തിരിക്കുന്ന 'രാഷ്ട്രീയ കച്ചവടം' ഇല്ലാത്ത രാജ്യമാണ് യുകെ. അങ്ങനെയാണ് പൊതുവെ ലോകം അംഗീകരിച്ചിട്ടുള്ളത്. മതവും ജാതിയും തരംതിരിച്ച് പ്രീണനം നടത്തി വോട്ടു നേടിയതിന്റെ ബാക്കിപത്രമായി കേരളത്തിലെ തീരാത്ത കണ്ണീര്‍ യുകെ മലയാളികള്‍ വാര്‍ത്താ ചാനലുകളില്‍ കാണുന്നുണ്ട്. ജീവിത മാര്‍ഗം തേടി യുകെയില്‍ എത്തിയ ശേഷം സ്വയം അഭിമാനിക്കുന്ന ഓരോരുത്തരും ഇപ്പോള്‍ ജീവിക്കുന്നത് ഭൂമിയില്‍ ലഭ്യമായ സൗകര്യങ്ങളുടെ സ്വര്‍ഗത്തിലാണ്; സംശയമില്ല. യുകെയിലെ ജീവിത നിലവാരം ലോകത്ത് ഏറ്റവും മികച്ചതാണ്. അതു നിലനിര്‍ത്താന്‍ സ്വാഭാവികമായും ജീവിക്കുന്ന സമൂഹത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും മനസ്സിലാക്കിയിരിക്കണം.
ടോറി, ലേബര്‍ എന്നിവരൊഴികെ മൂന്നാം കക്ഷികള്‍ വന്നാലും പൊതുജനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുന്ന രാഷ്ട്രീയക്കാരെയാണ് ആവശ്യം. രാഷ്ട്രീയം എന്നതിന് അര്‍ഥം - രാഷ്ട്രത്തെ സംബന്ധിച്ചത് - എന്നാണ്. അതു തിരിച്ചറിയാന്‍ സാമാന്യ ബോധം അഥവാ കോമണ്‍ സെന്‍സ് ഉള്ളവരെ ജനപ്രതിനിധിയാക്കുമ്പോള്‍ സാമൂഹിക സുരക്ഷിതത്തം ഉറപ്പാക്കാം.
 
Other News in this category

 
 




 
Close Window