ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഉടനീളം അഞ്ചാംപനി പടര്‍ന്നു പിടിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡിലും ലണ്ടനിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. സാംക്രമിക രോഗമാണ് അഞ്ചാംപനി. രോഗം വന്നാല്‍ സുഖപ്പെടാന്‍ 7 മുതല്‍ 10 ദിവസം വരെ സമയമെടുക്കും. രോഗിയുടെ ശ്വാസകോശം , തലച്ചോറ് പോലുള്ള ഭാഗങ്ങളില്‍ രോഗബാധയുണ്ടായാല്‍ അഞ്ചാംപനി ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗം പിടിപെട്ടാല്‍ സങ്കീര്‍ണ്ണമാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2000 -ത്തിനും 2002 -നും ഇടയില്‍ 23 പേര്‍ അഞ്ചാംപനി ബാധിച്ച് മരിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്.
കടുത്ത പനിയും ചുമയും തുമ്മലും അഞ്ചാംപനിയുടെ ലക്ഷണങ്ങളാണ്. ഇത് കൂടാതെ വ്രണങ്ങളും വായിക്കുള്ളില്‍ വെളുത്ത പാടുകളും രോഗ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. രോഗം ബാധിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ചെവിക്ക് പിന്നിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ചുവന്ന അല്ലെങ്കില്‍ തവിട്ട് നിറത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടും. നേരിയ രോഗലക്ഷണമുള്ളവര്‍ ജി പി യെയോ ഹോസ്പിറ്റലിലോ സന്ദര്‍ശിക്കരുതെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. അതിനുപകരം അവര്‍ 111ല്‍ വിളിച്ച് എന്‍എച്ച്എസുമായി ബന്ധപ്പെടണം. അഞ്ചാം പനിയുടെ ലക്ഷണമുള്ളവര്‍ നേഴ്‌സറി, സ്‌കൂള്‍, യൂണിവേഴ്‌സിറ്റി മറ്റ് ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ എന്നിവയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന കര്‍ശനമായ നിര്‍ദ്ദേശം നല്‍കപ്പെട്ടിട്ടുണ്ട്. എന്‍എച്ച്എസ് വാക്‌സിനേഷന്റെ ഭാഗമായ പ്രതിരോധ മരുന്നിലൂടെ അഞ്ചാംപനിയെ തടയാന്‍ സാധിക്കും