ലണ്ടന്‍: ബ്രിട്ടനില്‍ ഹോസ്പിറ്റാലിറ്റി മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. യുകെയില്‍ ഉടനീളം ആയിരക്കണക്കിന് റസ്റ്റോറന്റുകളും പബ്ബുകളുമാണ് ഇതു വരെ അടച്ചു പൂട്ടിയിരിക്കുന്നത്. ദിനംപ്രതി കുറഞ്ഞത് 10 സ്ഥാപനങ്ങളെങ്കിലും അടച്ചു പൂട്ടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ആശങ്കകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. കുതിച്ചുയരുന്ന ഊര്‍ജ്ജ ബില്ലുകള്‍, ജീവിത ചെലവുകളില്‍ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വര്‍ദ്ധനവ്, ഉല്‍പാദന ചിലവുകളില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധന, കൂടാതെ കോവിഡിന്റെയും ബ്രെക്‌സിറ്റിന്റെയും അനന്തരഫലങ്ങള്‍ എന്നിവയെല്ലാം തന്നെ ഹോസ്പിറ്റാലിറ്റി മേഖലയെ താറുമാറാക്കിയിരിക്കുകയാണ്. ഇന്‍ഡസ്ട്രി കണക്കുകള്‍ പ്രകാരം, ബ്രിട്ടനില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ള സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 3.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
103682 എന്ന എണ്ണത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ 99916 എന്ന കണക്കിലേക്ക് എത്തിയത് ഈ രംഗത്തെ തകര്‍ച്ച വ്യക്തമാക്കുന്നു. ആദ്യമായാണ് ഇത്തരത്തില്‍ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളുടെ എണ്ണം 100000 ത്തില്‍ താഴെ എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരവധി മലയാളി സംരംഭകരുടെ ആകര്‍ഷണ മേഖലയായ ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയല്‍ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി, യുകെയിലെ മലയാളി ബിസിനസ് ഉടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഹോസ്പിറ്റാലിറ്റി മേഖല വളരെയധികം പ്രശ്നങ്ങള്‍ നേരിടുന്നതായും, കോവിഡ് ബാധിച്ചതിന് ശേഷം തന്റെ ബിസിനസിന് ഒരു മില്യണിലധികം നഷ്ടമുണ്ടായതായും സെലിബ്രിറ്റി ഷെഫും റെസ്റ്റോറന്റ് ഉടമയുമായ ടോം കെറിഡ്ജ് ദി ഇന്‍ഡിപെന്‍ഡന്റ് ന്യൂസിനോട് പ്രതികരിച്ചു. ബ്രെക്സിറ്റിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യ വിലക്കയറ്റവും ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവുമെല്ലാം വലിയ പ്രശ്നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഗവണ്‍മെന്റിന്റെ അടിയന്തര നടപടിയാണ് ആവശ്യമെന്ന് വിദഗ്ധര്‍ പ്രതികരിക്കുന്നു.