ലണ്ടന്‍: ഞായറാഴ്ചയോടെ യുകെയില്‍ കാലാവസ്ഥ കൂടുതല്‍ ദുരിതമയമാകുമെന്ന് മുന്നറിയിപ്പ്. 80 എംപിഎച്ച് വരെ വേഗത്തില്‍ കാറ്റ് വീശുന്നതിന് പുറമെ 4 ഇഞ്ച് വരെ മഴയും രാജ്യത്ത് ഉടനീളം പ്രകടമാകും. ഇഷ കൊടുങ്കാറ്റാണ് യുകെയില് ഞായറാഴ്ച മുതല്‍ സ്ഥിതി മാറ്റിമറിക്കുന്നത്. തിങ്കളാഴ്ച വരെ മെറ്റ് ഓഫീസ് ആംബര്‍, മഞ്ഞ ജാഗ്രതകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ വലിയ തിരമാലകളും, അവശിഷ്ടങ്ങള്‍ പറക്കുന്നതും അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. കൊടുങ്കാറ്റ് മൂലം യാത്രാ ദുരിതവും, റോഡുകളും, പാലങ്ങളും അടച്ചിടേണ്ട അവസ്ഥയും വരും. കൂടാതെ ട്രെയിനുകളും, ബസുകളും വൈകുകയും, റദ്ദാക്കാനും സാധ്യത നിലനില്‍ക്കുന്നു.
കാറ്റ് വിനാശം സൃഷ്ടിച്ചാല്‍ ഫോണ്‍ ശൃംഖലയും, വൈദ്യുതി വിതരണവും സാരമായ പ്രശ്നങ്ങള്‍ നേരിടും. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ആംബര്‍ മുന്നറിയിപ്പുകളാണ് നിലവിലുള്ളത്. വെസ്റ്റേണ്‍ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്ലണ്ടിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ആംബര്‍ മുന്നറിയിപ്പുകള്‍ നിലവില്‍ വരും. വെള്ളപ്പൊക്കം യുകെയുടെ ഭൂരിഭാഗം മേഖലകളിലും ഉണ്ടാകുമെന്നാണ് അറിയിപ്പ്. മഞ്ഞ ജാഗ്രത നല്‍കിയിട്ടുള്ള മേഖലകളിലും ഇത് പ്രതീക്ഷിക്കാം. എന്‍വയോണ്‍മെന്റ് ഏജന്‍സി 12 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും, 59 സാധ്യതാ മുന്നറിയിപ്പുകളും നല്‍കി. ശനിയാഴ്ച ഉച്ചതിരിഞ്ഞുള്ള സമയം വരെയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ആംബര്‍ തണുപ്പ് ആരോഗ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.