ലണ്ടന്‍: അയര്‍ലണ്ടിലെ വെസ്റ്റ് കോസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ബ്ലാസ്‌കറ്റ് ഐലന്‍ഡ് ഒരു ജോഡി ഭാഗ്യദമ്പതികളെ തേടുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ദമ്പതികള്‍ക്ക് ഒരു നീണ്ടകാലത്തേക്ക് യാതൊരുവിധ ചെലവുകളും ഇല്ലാതെ തീര്‍ത്തും സൗജന്യമായി താമസിക്കാം. താമസവും ഭക്ഷണവും ഉള്‍പ്പടെയുള്ള സകല ചെലവുകളും അതോറിറ്റി ഏറ്റെടുത്തുകൊള്ളും. അതിമനോഹരമായ സമുദ്രകാഴ്ചകള്‍ കൊണ്ടും വശ്യസുന്ദരമായ പ്രകൃതിദൃശ്യങ്ങള്‍ കൊണ്ടും ചരിത്രപ്രസിദ്ധമായ നിരവധി കേന്ദ്രങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഈ ദ്വീപ്. ഇനി കഥയിലെ ട്വിസ്റ്റിലേക്ക് വരാം, ഈ സൗജന്യസേവനങ്ങള്‍ എല്ലാം ലഭിക്കണമെങ്കില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യ ജോഡികള്‍ ദ്വീപിന്റെ ഭംഗി സ്വയം ആസ്വദിച്ചാല്‍ മാത്രം പോരാ എത്തുന്ന മറ്റ് വിനോദസഞ്ചാരികള്‍ക്ക് കൂടി കാണിച്ചുകൊടുക്കണം.
അതായത് അവര്‍ ദ്വീപിലെ കോഫിഷോപ്പിന്റെയും അവധിക്കാല താമസ സൗകര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്ന കെയര്‍ടേക്കര്‍മാരായി പ്രവര്‍ത്തിക്കണമെന്ന് സാരം.
ദ്വീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഭാഗ്യജോഡികളെ തേടിക്കൊണ്ടുള്ള ഈ പരസ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍, വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ അധികൃതര്‍ക്ക് അത് പിന്‍വലിക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാരണം മറ്റൊന്നുമല്ല അപേക്ഷകളുടെ കുത്തൊഴുക്ക് തന്നെ. വെബ്സൈറ്റ് അനുസരിച്ച്, ദ്വീപിലെ കോഫിഷോപ്പിന്റെ പ്രവര്‍ത്തനം, ശുചിമുറികളുടെ ശുചിത്വം ഉറപ്പാക്കല്‍, താമസസൗകര്യങ്ങളുടെ പരിപാലനം എന്നിവയെല്ലാം കെയര്‍ടേക്കര്‍മാരുടെ ചുമതലകളില്‍ ഉള്‍പ്പെടുന്നു. ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് കെയര്‍ടേക്കര്‍മാരുടെ കാലാവധി. കോഫിഷോപ്പിന് മുകളിലായി വിശാലമായ കിടപ്പുമുറിയോടുള്ള താമസസൗകര്യവും ദമ്പതികള്‍ക്ക് ലഭ്യമാണ്.