സൗത്ത് വെയില്‍സിലെ മലയാളി ക്രൈസ്തവ സമൂഹം കഴിഞ്ഞ 20 വര്‍ഷമായി ദൈവം നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി അര്‍പ്പിച്ചു കൊണ്ടും തങ്ങളുടെ വിശ്വാസ പാരമ്പര്യത്തിന്റെ പ്രഘോഷണമായി ഭാരത്തിന്റെ അപ്പോസ്തലനും വിശ്വാസത്തില്‍ നമ്മുടെ പിതാവുമായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും മലയാളികളുടെ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ അത്യന്തം ഭക്തിയോടെ ജൂണ്‍ ഒന്‍പതിന് സ്വാന്‍സിയ ജെന്‍ഡ്രോസ് ഹോളി ക്രോസ് ദേവാലയത്തില്‍ വെച്ച് ഭക്തിപൂര്‍വം ആഘോഷിക്കുന്നു.
ജൂണ്‍ ഒന്‍പതിന് ഞായറാഴ്ച വൈകീട്ട് 3.30ന് ജപമാല സമര്‍പ്പണം, തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയോട് കൂടി തിരുനാള്‍ കര്‍മങ്ങള്‍ ആരംഭിക്കുന്നതാണ്. തിരുനാള്‍ സന്ദേശം, ലദ്ദീഞ്ഞ്, തോരണങ്ങളും വിവിധ വര്‍ഷങ്ങളോട് കൂടിയ മുത്തുകുടകളും, വാദ്യമേളങ്ങളോട് കൂടിയ വിശാലമായ പള്ളി മൈതാനം ചുറ്റി വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദിക്ഷണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, സ്‌നേഹവിരുന്നും തുടര്‍ന്ന് മാജിക് ബീറ്റ്‌സ് ഓര്‍ക്കസ്ട്ര നയിക്കുന്ന ഗാനമേളയും, പോര്‍ട്‌സ്മിത്ത് ടീം ശിങ്കാരിമേളവും ഉണ്ടായിരിക്കുന്നതാണ്.
കുര്‍ബാനയ്ക്ക് ശേഷം കഴുന്ന് എടുക്കുവാനും നേര്‍ച്ചകള്‍ സമര്‍പ്പിക്കുവാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. യുകെയിലെ വിവിധ സ്ഥലങ്ങല്‍ നിന്നും നിരവതി വിശ്വാസികള്‍ ഇവിടെ എത്തി തിരുനാളില്‍ പങ്കെടുത്ത് തങ്ങളുടെ മക്കളെ വിശുദ്ധര്‍ക്ക് അടിമ വെച്ച് സര്‍വ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. തിരുനാളിന്റെ പ്രത്യേകതയാണ് ഇവിടുത്തെ പ്രാര്‍ത്ഥന നേര്‍ച്ച. എല്ലാ കുടുംബങ്ങളില്‍ നിന്നും എത്തിക്കുന്ന അപ്പവും കോഴിക്കറിയുമാണ് പ്രാര്‍ത്ഥന നേര്‍ച്ചയായി ഭക്ത ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.
ഹോളിക്രോസ് വികാരിയും മാന്‍വിയ രൂപത സീറോമലബാര്‍ ചാപ്ലിനുമായ ഫാ. സിറില്‍ തടത്തിലിന്റെ നേതൃത്വത്തില്‍ തിരുനാളിന് വിപുലമായ ഒരുക്കങ്ങള്‍ ആണ് നടത്തിവരുന്നത്. തിരുനാള്‍ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ നേടുന്നതിനും ഈ സ്‌നേഹക്കൂട്ടായ്മയില്‍ പങ്ക് ചേരുന്നതിനും എല്ലാവരേയും ക്ഷണിക്കുന്നു. |