ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനിമുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം. സ്‌പോട്ട് ബുക്കിങ് നിര്‍ത്തലാക്കി. 80,000 വരെയാകും പ്രതിദിന ഓണ്‍ലൈന്‍ ബുക്കിങ്. സീസണ്‍ തുടങ്ങുന്നതിന് മൂന്നുമാസം മുന്‍പ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്താം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തീരുമാനം.
ഓണ്‍ലൈന്‍ ബുക്കിങ് കൂടാതെ സ്‌പോട്ട് ബുക്കിങ് വഴിയും ഭക്തര്‍ എത്തുന്നത് ശബരിമലയില്‍ തിരക്ക് കൂടാന്‍ കാരണമാകാറുണ്ട്. ഭക്തരുടെ കൃത്യമായ എണ്ണം കണക്കാക്കാന്‍ സാധിക്കാതെ വരുന്നതുകൊണ്ടാണിത്. കഴിഞ്ഞതവണ ശബരിമലയില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടിരുന്നു.
പരസ്യം ചെയ്യല്‍
ശബരിമലയില്‍ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെ പഴികേട്ടിരുന്നു. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ അടക്കം യോഗത്തിലാണ് തീരുമാനം. സ്‌പോട്ട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദര്‍ശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരുന്നു.
അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തില്‍ തീരുമാനം പീന്നീടെടുക്കും. |