യുഎഇയില്‍ നിന്നുളള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. വ്യാഴം വെളളി ശനി തിങ്കള്‍ ദിവസങ്ങളില്‍ പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. നാളെ പുറപ്പെടേണ്ട അല്‍ഐന്‍ - കോഴിക്കോട് വിമാനം, വെളളിയാഴ്ച പുറപ്പെടേണ്ട റാസല്‍ഖൈമ - കണ്ണൂര്‍ വിമാനം, ശനിയാഴ്ച പുറപ്പെടേണ്ട റാസല്‍ഖൈമ- കോഴിക്കോട്, അബുദാബി - കണ്ണൂര്‍ വിമാനങ്ങള്‍, തിങ്കളാഴ്ച പുറപ്പെടേണ്ട ഷാര്‍ജ - കണ്ണൂര്‍, അബുദാബി- കണ്ണൂര്‍, ദുബായ്-കോഴിക്കോട് വിമാനങ്ങളാണ് റദ്ദാക്കിയത്.
80 ലധികം വിമാനങ്ങള്‍ റദ്ദാക്കി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്. എയര്‍ലൈനിലെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധിച്ച് ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം അപ്രതീക്ഷിതമായി അസുഖ അവധി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകുകയും ചെയ്തിട്ടുണ്ട്. ഫ്‌ലൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
മാര്‍ച്ച് അവസാന വാരത്തില്‍ ആരംഭിച്ച വേനല്‍ക്കാല സ്‌പെഷ്യല്‍ ഫ്‌ലൈറ്റുകള്‍ ഉള്‍പ്പടെ പ്രതിദിനം 360 ഫ്‌ലൈറ്റ് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഒരുമിച്ചുള്ള സിക്ക് ലീവ് എടുത്തതിന്റെ കാരണങ്ങള്‍ മനസിലാക്കാന്‍ ക്യാബിന്‍ ക്രൂ അംഗങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. |