ഏലൂരില്‍ 'ഗുരുവായൂര്‍ അമ്പലനടയില്‍' സിനിമയുടെ സെറ്റ് തകര്‍ത്ത് അവശിഷ്ടങ്ങള്‍ കത്തിച്ചത് ശ്വാസതടസത്തിനും വ്യാപക പരിസര മലിനീകരണത്തിനും ഇടയാക്കിയതായി നാട്ടുകാരുടെ ആരോപണം. ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ (എഫ്എസിടി) നിന്ന് വാടകയ്ക്കെടുത്ത സ്ഥലത്താണ് സിനിമയുടെ സെറ്റ് സ്ഥിതി ചെയ്യുന്നത്.
സെറ്റ് പൊളിക്കാന്‍ ചുമതലപ്പെടുത്തിയ കരാറുകാരന്റെ ജീവനക്കാര്‍ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കത്തിക്കുകയും, സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ നിരവധി കുട്ടികള്‍ക്ക് പുക ശ്വസിച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയുമായിരുന്നു. പ്ലാസ്റ്റിക്, ഫൈബര്‍, മരം തുടങ്ങിയ വസ്തുക്കള്‍ അടങ്ങിയ ഏഴ് മാലിന്യക്കൂമ്പാരങ്ങളാണ് കത്തിച്ചത്.
പ്രദേശവാസികളുടെ എതിര്‍പ്പ് വകവെക്കാതെ ജീവനക്കാര്‍ ആദ്യത്തെ മാലിന്യക്കൂമ്പാരം കത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കത്തിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തില്‍ നിരവധി പ്രദേശവാസികള്‍ക്ക് ശ്വാസതടസ്സവും ശ്വാസംമുട്ടലും അനുഭവപ്പെട്ടു.
തൊട്ടടുത്തുള്ള സെന്റ് ആന്‍സ് സ്‌കൂള്‍ ബുധനാഴ്ച അടച്ചു. സ്‌കൂളിനോട് ചേര്‍ന്നുള്ള മഠത്തിലെ താമസക്കാര്‍ കനത്ത പുകയില്‍ വലഞ്ഞു. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനിലെയും ഫാക്ടിലെയും ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി. |