തമിഴ്‌നാട്ടില്‍ നിന്നുള്ള എസ് ബൂപതി ശിവാചാര്യ സ്വാമികളും വെങ്കിടേഷ് ജയറാമും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഇന്ത്യയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമായി നൂറിലധികം അതിഥികള്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എസ്റ്റോണിയന്‍ തലസ്ഥാനമായ ടാലിനിനടുത്തുള്ള ലില്ലിയൂരില്‍ 5,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആഗമ ശില്‍പ ശാസ്ത്രത്തെ അടിസ്ഥാനമാക്കി പുരാതന ഇന്ത്യന്‍ വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രമുഖ ക്ഷേത്ര നിര്‍മ്മാണ ഗ്രൂപ്പായ ശ്രീ തെങ്കണി ട്രെഡിഷണല്‍ ആര്‍ക്കിടെക്ചര്‍ ഹിന്ദു ടെമ്പിള്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് സ്‌കള്‍പ്ചര്‍ ഗ്രൂപ്പിലെ ധനബാല്‍ മയില്‍വേലും മണിവേല്‍ മയില്‍വേലും ചേര്‍ന്നാണ് ക്ഷേത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കര്‍പ്പഗ നാധര്‍, ബ്രഹന്ദ് നായഗി, ഗണപതി, ബാല മുരുകന്‍, സപ്ത ഋഷികള്‍, നവനാഥന്മാര്‍, 18 ഓളം സിദ്ധന്മാര്‍, നവഗ്രഹങ്ങള്‍ എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. മഹാ ഋഷികളുടെയും, സിദ്ധന്മാരുടെയും ജീവിതത്തെ പിന്തുടരലും സനാതന ധര്‍മ്മത്തോടുള്ള സമര്‍പ്പണത്തെയുമാണ് ശിവക്ഷേത്രം അടയാളപ്പെടുത്തുന്നതെന്ന് സ്ഥാപകനായ ഇംഗ്വാര്‍ വില്ലിഡോ ആചാര്യ ഈശ്വരാനന്ദ പറഞ്ഞു.
1.3 ദശലക്ഷത്തിലധികം മാത്രം ജനസംഖ്യയുള്ള വടക്കന്‍ യൂറോപ്യന്‍ രാജ്യമാണ് എസ്റ്റോണിയ. ജനസംഖ്യയുടെ പകുതിയിലധികവും നിരീശ്വരവാദികളും 25 ശതമാനം ആളുകള്‍ ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നവരുമാണ്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി എസ്റ്റോണിയന്‍ ജനത പ്രകൃതിയെ ആരാധിച്ചിരുന്നതായി ചരിത്ര രേഖകള്‍ പറയുന്നു. ഏതാണ്ട് നൂറിന് മുകളില്‍ മാത്രമാണ് നിലവില്‍ എസ്റ്റോണിയയിലെ ഹിന്ദു വിശ്വാസികളുടെ എണ്ണം. ഹിന്ദുമതം സ്വീകരിച്ച എസ്റ്റോണിയക്കാര്‍, ഇന്ത്യന്‍ പ്രവാസികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. യോഗ, ധ്യാനം എന്നിവയിലൂടെ ഹിന്ദു മതം എസ്റ്റോണിയന്‍ ജനതയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. |