ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ജൂലൈ 10ന് ഹര്‍ജികള്‍ ചേംബറില്‍ പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് സിങ്വിയും എന്‍ കെ കൗളും ആണ് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ഹിമ കോലി, ബി വി നാഗരത്ന, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാവും റിവ്യൂ ഹര്‍ജികളും പരിഗണിക്കുക.
കഴിഞ്ഞ ഒക്ടോബര്‍ 17നായിരുന്നു സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 21 ഹര്‍ജികളില്‍ നാല് വ്യത്യസ്ത വിധികളാണ് പുറപ്പെടുവിച്ചത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഇന്ത്യയില്‍ നിയമസാധുത തേടുന്നതില്‍ ഹര്‍ജിക്കാര്‍ പരാജയപ്പെടുകയായിരുന്നു. പങ്കാളിയെ തെരഞ്ഞെടുക്കാന്‍ വ്യക്തിക്ക് അവകാശമുണ്ടെങ്കിലും അതിന് നിയമസാധുത നല്‍കാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഇതിനായി പ്രത്യേക വിവാഹ നിയമത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.