Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
മതം
  Add your Comment comment
വാത്സിങ്ങാം തീര്‍ത്ഥാടനം ശനിയാഴ്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും
Text By: Appachan Kannanchira
ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ പിറവിയുടെ മംഗള വാര്‍ത്ത നല്‍കിയ നസ്രത്തിലെ ഭവനത്തിന്റെ പകര്‍പ്പ് ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തില്‍ നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാത്സിങ്ങാം മരിയന്‍ പുണ്യകേന്ദ്രത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നേതൃത്വം നല്‍കുന്ന എട്ടാമത് തീര്‍ത്ഥാടനവും തിരുന്നാളും ശനിയാഴ്ച ആഘോഷമായി കൊണ്ടാടും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ തിരുന്നാള്‍ സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചുകൊണ്ട് സന്ദേശം നല്‍കും. രൂപതയുടെ പാസ്റ്ററല്‍ കോര്‍ഡിനേറ്ററും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയന്‍ സന്ദേശം നല്‍കുന്നതാണ്. രാവിലെ ഒമ്പതര മുതല്‍ വൈകുന്നേരം നാലര വരെയാണ് തിരുക്കര്‍മ്മങ്ങളും ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നത്.

അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തില്‍ പതിനായിരത്തിലേറെ മരിയ ഭക്തരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയന്‍ പ്രഘോഷണ തിരുന്നാളിനാളിനുള്ള നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് കേംബ്രിഡ്ജ് റീജണല്‍ സീറോ മലബാര്‍ വിശ്വാസ സമൂഹമാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ എല്ലാ മിഷനുകളില്‍ നിന്നും തന്നെ പ്രസുദേന്തിമാരായി തിരുന്നാള്‍ നടത്തിപ്പിനായി ആളുകള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ലഭിക്കുന്ന വിശാല പ്രാതിനിധ്യം തീര്‍ത്ഥാടന തിരുന്നാളിനെ ഭക്ത്യാദരസാന്ദ്രമാക്കും. തീര്‍ത്ഥാടനത്തില്‍ ഗതാഗതകുരുക്കൊഴിവാക്കുവാനായി രൂപതയുടെ നിര്‍ദ്ദേശാനുസരണം മിക്ക ദേവാലയങ്ങളില്‍ നിന്നും പരമാവധി കോച്ചുകള്‍ ക്രമീകരിച്ചു കൊണ്ടാണ് തീര്‍ത്ഥാടകര്‍ എത്തുക.

വാത്സിങ്ങാം തീര്‍ത്ഥാടനത്തിനായി നഗ്ന പാദരായി മരിയ പ്രഘോഷണ പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് 'ഹോളി മൈല്‍' നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെച്ചിരുന്ന 'സ്ലിപ്പര്‍ ചാപ്പല്‍' മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ അധീനതയിലുള്ളത്. സ്ലിപ്പര്‍ ചാപ്പല്‍ സ്ഥിതിചെയ്യുന്ന മരിയന്‍ പുണ്യ കേന്ദ്രത്തിലാണ് സീറോമലബാര്‍ സഭാ സമൂഹം തീര്‍ത്ഥാടനവും തിരുന്നാളും കൊണ്ടാടുന്നത്.

രാവിലെ ഒമ്പതരയ്ക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ (സപ്ര) ആരംഭിക്കുന്ന തീര്‍ത്ഥാടന ശുശ്രുഷകളില്‍ തുടര്‍ന്ന് ജപമാലയും, ആരാധനയും നടക്കും. പത്തരക്ക് രൂപതയുടെ പാസ്റ്ററല്‍ കെയര്‍ കോര്‍ഡിനേറ്ററും, സെക്രട്ടറിയും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയന്‍ പ്രഭാഷണം നല്‍കുന്നതാണ്. പതിനൊന്നരക്ക് മാര്‍ സ്രാമ്പിക്കല്‍ തിരുന്നാള്‍ കൊടിയേറ്റും. തുടര്‍ന്നുള്ള ഇടവേളയില്‍ അടിമവെക്കലിനും, ഭക്ഷണത്തിനും ഉള്ള സമയം ക്രമീകരിച്ചിരിക്കുകയാണ്.

ഉച്ചകഴിഞ്ഞു പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതൃഭക്തി നിറവില്‍ തീര്‍ത്ഥാടന പ്രദക്ഷിണം ആരംഭിക്കും. ഓരോ മിഷനുകളും തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്പേസില്‍ മുന്നില്‍ ബാനര്‍ പിടിച്ചും, തങ്ങളുടെ മിഷന്‍ മദ്ധ്യസ്ഥന്റെ രൂപമേന്തിയും, മുത്തുക്കുടകളുടെ അകമ്പടിയോടെ 'പില്‍ഗ്രിമേജ് സ്പിരിച്വല്‍ മിനിസ്ട്രി' ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് മാതൃ സന്നിധിയുടെ പരിപാവനത കാത്തുകൊണ്ട് ഭക്തിപൂര്‍വ്വം രണ്ട് ലൈനായി അണിമുറിയാതെ പങ്കെടുക്കേണ്ടതാണ്.

ഉച്ചക്ക് രണ്ടു മണിക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, മിഷനുകളില്‍ നിന്നുള്ള വൈദികര്‍ സഹകാര്‍മ്മികരുമായി ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലി അര്‍പ്പിക്കും. കുര്‍ബ്ബാന മദ്ധ്യേ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുന്നാള്‍ സന്ദേശവും നല്‍കുന്നതാണ്.

തീര്‍ത്ഥാടകര്‍ക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടന്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകള്‍ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവര്‍ക്ക് നീണ്ട ക്യുവില്‍ നിന്ന് പ്രയാസം ഉണ്ടാവാതിരിക്കുവാന്‍ മുന്‍കൂറായി ബുക്ക് ചെയ്യുന്നതിന് നോര്‍വിച്ച് ജേക്കബ്സ് കാറ്ററിങ്ങില്‍ 07869212935 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കാഷ് മാത്രമേ സ്വീകരിക്കുകയുള്ളൂ.

പ്രസുദേന്തിമാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക.

https://forms.office.com/e/aB5Dp2fyma.


തീര്‍ത്ഥാടന സമയക്രമം:

9:30 am സപ്രാ (പ്രഭാത പ്രാര്‍ത്ഥന), ജപമാല, ആരാധന

10:30 am മരിയന്‍ പ്രഘോഷണം (റവ. ഡോ. ടോം ഓലിക്കരോട്ട്)

11:15 am കൊടിയേറ്റ്, ഉച്ചഭക്ഷണം, അടിമവക്കല്‍

12:15 pm പ്രസുദേന്തി വാഴിയ്ക്കല്‍

12:45 pm ആഘോഷമായ പ്രദക്ഷിണം

02:00 pm ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹ ബലിയും, സന്ദേശവും

04:30 pm തീര്‍ത്ഥാടന സമാപനം


നോര്‍വിച്ച് ജേക്കബ്സ് കേറ്ററിംഗ് 07869212935


വാത്സിങ്ങാം പള്ളിയുടെ വിലാസം.

Catholic National Shrine of Our Lady

Walshingham, Houghton St. GilesNorfolk,NR22 6AL
 
Other News in this category

 
 




 
Close Window