കൊല്ലം: കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതിനു പിന്നാലെ പരിഹാസവുമായി ധന്യ മോഹന്‍. കുറ്റം ചെയ്തിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തന്റെ ബാഗ് മുഴുവന്‍ കാശാണെന്നും നിങ്ങള്‍ വന്ന് എടുത്തോളൂ എന്നുമാണ് മറുപടി നല്‍കിയത്. അഞ്ച് സെന്റ് സ്ഥലം ചന്ദ്രനില്‍ വാങ്ങിച്ചിട്ടുണ്ടെന്നും ധന്യ പറഞ്ഞു. തൃശൂരിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് 20 കോടിതട്ടിയെടുത്തെന്ന കേസിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. എട്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയതായും സംശയം. അക്കൗണ്ടുകളിലുള്ള പണവും സ്വത്തുക്കളും മരവിപ്പിക്കാന്‍ നടപടി തുടങ്ങി. തട്ടിപ്പില്‍ കൂടുതല്‍ കൂട്ടാളികള്‍ ഉണ്ടോ എന്നും അന്വേഷണം. ധന്യയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
കൊല്ലം നെല്ലിമുക്ക് സ്വദേശിയായ ധന്യ വലപ്പാട്ടെ ഓഫിസിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്നു. വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് യുവതി സ്ഥാപനത്തില്‍ നിന്നു കോടികള്‍ കൈക്കലാക്കിയത്. 19.94 കോടി തട്ടിയതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ധന്യയുടേയും മറ്റ് നാല് കുടുംബാംഗങ്ങളുടേയും അക്കൗണ്ടിലേക്ക് 5 കൊല്ലത്തിനിടെ എണ്ണായിരം ഇടപാടുകളിലൂടെയാണ് പണം ഒഴുകിയത്. ഈ പണം ഉപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും വാങ്ങിക്കൂട്ടിയെന്നു പൊലീസ് പറയുന്നു. സംഭവത്തിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്ന സംശയവും പൊലീസിനുണ്ട്. വലപ്പാട് സിഐയുടെ നേതൃത്വത്തില്‍ ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് തട്ടിപ്പ് അന്വേഷിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ധന്യ ഒളിവില്‍ പോയത്. പിന്നാലെ പൊലീസ് ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതിനിടെയാണ് കീഴടങ്ങിയത്. തട്ടിപ്പു നടത്തി ധന്യ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് 80 ലക്ഷം രൂപ പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലാകും എന്ന് മനസിലാക്കിയതോടെ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസില്‍ നിന്നു ഇറങ്ങിപ്പോയി രക്ഷപ്പെട്ടെന്നായിരുന്നു പരാതി.