തിരുവനന്തപുരം: ഷിരൂര്‍ രക്ഷാ ദൗത്യത്തില്‍ കൂടുതല്‍ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രിക്കും കര്‍ണാടക മുഖ്യമന്ത്രിക്കും കത്തയച്ചു. അടിയന്തരമായി കൂടുതല്‍ സഹായം എത്തിക്കണമെന്നും കൂടുതല്‍ മുങ്ങള്‍ വിദഗ്ധരെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേവിയുടെ അത്യാധുനിക ഉപകരണങ്ങള്‍ എത്തിക്കണം. സതേണ്‍, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡുകളില്‍ നിന്നു മുങ്ങല്‍ വിദഗ്ധരെ എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളം കര്‍ണാടകവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കൂടുതല്‍ വിദഗ്ധരും ഉപകരണങ്ങളും രക്ഷാ ദൗത്യത്തെ വലിയ തോതില്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള പതിനൊന്നാം ദിവസത്തെ തിരച്ചിലും വിഫലം. അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ ദൗത്യ സംഘം അവസാനിപ്പിച്ചു. കൂടുതല്‍ സംവിധാനങ്ങളോടെ ശനിയാഴ്ച രാവിലെ തിരച്ചില്‍ തുടരും. പ്രതികൂലമായ കാലാവസ്ഥയാണ് ദൗത്യത്തിനു കനത്ത വെല്ലുവിളിയായി നില്‍ക്കുന്നത്.
അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നു അദ്ദേഹം വ്യക്തമാക്കി. റഡാര്‍, സോണല്‍ സിഗ്‌നലുകള്‍ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരിക്കുകയാണ്. തിരച്ചില്‍ ദിവസങ്ങളോളം നീളുമോയെന്ന ആശങ്കയുണ്ട്. നിലവില്‍ ഒഴുക്ക് 6 നോട്‌സാണ്. 3 നോട്‌സിനു താഴെ എത്തിയാലെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇറങ്ങാനാകൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്ത് പ്രതിസന്ധിയുണ്ടായാലും ലക്ഷ്യത്തിലേക്കുള്ള ശ്രമം തുടരാന്‍ തീരുമാനിച്ചുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസും മാധ്യമങ്ങളെ അറിയിച്ചിരുന്നു.