വാഷിംഗ്ടണ്‍: നിയമാനുസൃതമായി അമേരിക്കയില്‍ കുടിയേറിയ ഇന്ത്യക്കാരുടെ മക്കള്‍ നാടുകടത്തല്‍ ഭീഷണിയില്‍. വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ അവരുടെ മാതാപിതാക്കളോടൊപ്പം ചെറുപ്പത്തില്‍ യു.എസില്‍ എത്തിയവരാണ്. അവരാണ് ഇപ്പോള്‍ രാജ്യത്തേക്ക് തിരിച്ച് നാടുകടത്തപ്പെടുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്. താല്‍ക്കാലിക തൊഴില്‍ വിസയില്‍ മാതാപിതാക്കളോടൊപ്പം യു.എസില്‍ എത്തിയ ഇവര്‍ക്ക് 21 വയസ്സ് വരെയാണ് രാജ്യത്ത് തുടരാനാവുക.
അമേരിക്കയില്‍ നിയമാനുസൃത കുടിയേറ്റക്കാരുടെ മക്കളായി ഏകദേശം 2,50,000 പേരുണ്ട് എന്നാണ് കണക്ക്. അവരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. ചെറുപ്പത്തില്‍ യു.എസില്‍ എത്തിയ ഇവരുടെ ആശ്രിത പദവി 21 വയസ്സ് തികഞ്ഞാന്‍ നഷ്ടപ്പെടും. നിയമപ്രകാരം അതിനു ശേഷം ഇവര്‍ക്ക് രാജ്യത്ത് തുടരാന്‍ കഴിയില്ല. 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ നിലവില്‍ ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുകയാണ്. എന്നാല്‍ 'ഡോക്യുമെന്റഡ് ഡ്രീമേഴ്‌സ്' എന്ന ഈ വിഭാഗത്തെ സഹായിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിന് റിപ്പബ്ലിക്കന്‍മാര്‍ തടസ്സം നില്‍ക്കുകയാണെന്ന് വൈറ്റ് ഹൗസ് കുറ്റപ്പെടുത്തുന്നു. അതേസമയം, നിയമനിര്‍മ്മാതാക്കളും അഭിഭാഷക ഗ്രൂപ്പുകളും ഈ വ്യക്തികളെ സംരക്ഷിക്കാന്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഈ വിഭാഗത്തെ സഹായിക്കുന്നതിനുള്ള നിര്‍ദേശം റിപ്പബ്ലിക്കന്മാര്‍ നിരസിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി ദൈനംദിന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അമേരിക്കന്‍ നിയമപ്രകാരം ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട് ഒരു കുട്ടിയെ നിര്‍വചിക്കുന്നത് അവിവാഹിതനും 21 വയസ്സിന് താഴെയുള്ളവനും എന്നാണ്. ഒരു വ്യക്തി കുട്ടിയായിരിക്കെ നിയമാനുസൃതമായ സ്ഥിരതാമസ (എല്‍.പി.ആര്‍) പദവിക്ക് അപേക്ഷിക്കുകയും ഗ്രീന്‍ കാര്‍ഡിന് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് 21 വയസ്സ് തികയുകയും ചെയ്താല്‍ അവരെ കുട്ടിയായി കണക്കാക്കില്ല. ഇതിനെ ഏജിംഗ് ഔട്ട് എന്ന് വിളിക്കുന്നു. അതിനര്‍ത്ഥം പ്രസ്തുത വ്യക്തിക്ക് സ്ഥിരതാമസ പദവിക്ക് പുതിയ അപേക്ഷ ഫയല്‍ ചെയ്യണം. ഗ്രീന്‍ കാര്‍ഡിനായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടിയും വരാം.