Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Sep 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വയനാടിനെ പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തം: മരണസംഖ്യ 70 ആയി
reporter

കല്‍പ്പറ്റ: വയനാടിനെ പിടിച്ചുലച്ച ഉരുള്‍പൊട്ടലില്‍ മരണം 70 ആയി ഉയര്‍ന്നു. നിരവധി പേരെ കാണാതായി. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തുണ്ട്. വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. അപകടമുണ്ടായി 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കെയിലേക്ക് എത്താനായത്. ഉരുള്‍പൊട്ടലില്‍ 38 മൃതദേഹങ്ങള്‍ മേപ്പാടിയിലെ ആശുപത്രികളിലുണ്ട്. പുഴയിലൂടെ ചാലിയാറിലെ മുണ്ടേരിയില്‍ ഏഴു മൃതദേഹങ്ങള്‍ ഒഴുകിയെത്തി. മുണ്ടകൈയ്ക്ക് രണ്ടുകിലോമീറ്റര്‍ അകലെ അട്ടമലയില്‍ ആറുമൃതദേഹങ്ങള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ദുരന്തത്തില്‍ മരിച്ച 18 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റംലത്ത് (53), അഷ്റഫ് (49), കുഞ്ഞുമൊയ്തീന്‍ (65), ഗീരീഷ് (50), റുക്സാന (39), ലെനിന്‍, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന തുടങ്ങിയവരെയാണ് തിരിച്ചറിഞ്ഞത്.

ഉരുള്‍പൊട്ടലില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഒമ്പത് ലയങ്ങള്‍ ഒലിച്ചുപോയി. 65 കുടുംബങ്ങളാണ് അവിടെ താമസിച്ചിരുന്നത്. 35 തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. നാലു സ്റ്റാഫ് ക്വാര്‍ട്ടേഴ്സും ഒലിച്ചുപോയി. മുണ്ടക്കൈയിലെ റിസോര്‍ട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികളും അപകടത്തില്‍പ്പെട്ടു. പ്രദേശത്തെ സ്‌കൂള്‍, വീടുകള്‍ തുടങ്ങി കനത്ത നാശനഷ്ടമുണ്ടായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ പറഞ്ഞു.

മേപ്പാടി വിംസില്‍ 77 പേരെ എത്തിച്ചിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഏഴുപേര്‍ മരിച്ചു. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. രാവിലെ വീണ്ടും ഉരുള്‍പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വീടുകള്‍ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി ബന്ധപ്പെട്ടു. സ്ഥിതി?ഗതികള്‍ വിലയിരുത്തിയ കേന്ദ്രമന്ത്രി, രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കാന്‍ സേനയ്ക്ക് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനായി ഏഴിമലയില്‍ നിന്ന് നാവിക സേനാ സംഘം എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നിന്ന് ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനും അവരുടെ മെഡിക്കല്‍ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. വയനാട് ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ അനുശോചിച്ചു.

 
Other News in this category

 
 




 
Close Window