കോഴിക്കോട്: വടനാട്ടിലെ ദുരന്തഭൂമിയില്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനം അറിയിച്ച് മൂന്നാം ക്ലാസുകാരനെഴുതിയ കത്ത് എല്ലാവരും ഏറ്റെടുത്തിരുന്നു. കോഴിക്കോട് വെള്ളായിക്കോട് എഎംഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ റയാനെഴുതിയ കത്ത് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ സ്‌നേഹം നിറഞ്ഞ മറുപടിയുമായി ആര്‍മിയുമെത്തി. റയാന്റെ വാക്കുകള്‍ തങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചെന്നും പ്രതികൂലസമയങ്ങളില്‍ പ്രതീക്ഷയുടെ പ്രകാശമാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, കത്ത് ആ ദൗത്യത്തിന് കൂടുതല്‍ ശക്തിപകരുന്നുവെന്നും ഇന്ത്യന്‍ ആര്‍മി, സതേണ്‍ കമാന്‍ഡിന്റെ ഔദ്യോഗിക എക്സ് പേജില്‍ കുറിച്ചു.
വയനാട്ടില്‍ ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടുപോയ കുറെ മനുഷ്യരെ നിങ്ങള്‍ രക്ഷിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങള്‍ ബിസ്‌ക്കറ്റും വെള്ളവും മാത്രം കഴിച്ച് പാലം നിര്‍മിക്കുന്ന വീഡിയോ കണ്ടപ്പോള്‍ അഭിമാനമായി. ഞാനും വലുതായിട്ട് ആര്‍മിയായി നാടിനെ രക്ഷിക്കുമെന്നായിരുന്നു റയാന്‍ കത്തില്‍ കുറിച്ചത്. റയാന്റെ കത്തും ഇംഗ്ലീഷ് പരിഭാഷയും സൈന്യം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. റയാന്‍ ആര്‍മി യൂണിഫോമില്‍ അരികില്‍ നില്‍ക്കുന്ന ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഒരുമിച്ച് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുമെന്നും സൈന്യവും എക്സില്‍ മറുപടി നല്‍കിയിരിക്കുകയാണ്.