ലണ്ടന്‍: ബ്രിട്ടിഷുകാരുടെ പ്രിയപ്പെട്ട ലഘുഭക്ഷണമായ ഫിഷ് ആന്‍ഡ് ചിപ്‌സിന്റെ വിലയില്‍ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് 50 ശതമാനം വര്‍ധന. ബ്രിട്ടനില്‍ ഏറ്റവും അധികം വില ഉയര്‍ന്ന ഭക്ഷ്യോല്‍പന്നമാണ് ടേക്ക് എവേ ഭക്ഷണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫിഷ് ആന്‍ഡ് ചിപ്‌സ്. അഞ്ച് വര്‍ഷം മുമ്പ് അഞ്ച് പൗണ്ടായിരുന്നു വില, ഇന്ന് പത്തു പൗണ്ടിനും മുകളിലാണ്. ഫിഷ് ആന്‍ഡ് ചിപ്‌സിന് 50 ശതമാനം വില ഉയര്‍ന്നപ്പോള്‍ കബാബിന് 44 ശതമാനവും പിസയ്ക്ക് 30 ശതമാനവുമാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉണ്ടായ വിലവര്‍ധന. ചിക്കന്‍ ആന്‍ഡ് ചിപ്‌സിന് 42 ശതമാനവും ഇന്ത്യന്‍- ചൈനീസ് ഭക്ഷണ വിഭവങ്ങള്‍ക്ക് 29 ശതമാനവും വില വര്‍ധിച്ചു.
ഇന്ധനവിലയിലുണ്ടായ കുതിപ്പും തൊഴിലാളികളുടെ ശമ്പളവര്‍ധനയുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യന്‍ സമുദ്രോല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഇറക്കുമതി നിയന്ത്രണം രാജ്യത്ത് വിലക്കയറ്റത്തിന് കാരണമായി. 2022 മാര്‍ച്ചില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ റഷ്യന്‍ സമുദ്രോല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ 35 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയതോടെയാണ് രാജ്യത്ത് മത്സ്യം ഉള്‍പ്പെടെയുള്ള സമുദ്രോല്‍പന്നങ്ങളുടെ വില കുതിച്ചുയര്‍ന്നത്. ഇതിനു പിന്നാലെ മോശം കാലാവസ്ഥമുലം ഉരുളക്കിഴങ്ങ് കൃഷിയിലും തിരിച്ചടിയുണ്ടായി. ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം 2019ല്‍ ഒരു പോര്‍ഷന്‍ ഫിഷ് ആന്‍ഡ് ചിപ്‌സിന്റെ ശരാശരി വില 6.48 പൗണ്ടായിരുന്നു. ഇന്നത് 9.88 പൗണ്ടാണ്. രണ്ട് ലോകമഹായുദ്ധങ്ങളുടെ കാലത്തും ഫിഷ് ആന്‍ഡ് ചിപ്‌സ് ഉല്‍പന്നങ്ങളുടെ സപ്ലൈയര്‍മാരെ ബ്രിട്ടന്‍ പ്രത്യേകം കാവല്‍ നല്‍കി സംരക്ഷിച്ചിരുന്നു എന്നറിയുമ്പോഴാണ് ഈ ഭക്ഷ്യോല്‍പന്നം ബ്രിട്ടിഷുകാര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് മനസിലാകുന്നത്.