ഒട്ടാവ: ഫെഡറല്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ കാരണം 70,000 ലധികം വിദേശ ബിരുദ വിദ്യാര്‍ഥികള്‍ കാനഡയില്‍ പ്രതിസന്ധിയില്‍. ഇതേത്തുടര്‍ന്ന് കാനഡയിലുടനീളം പ്രതിഷേധം ശക്തമാണ്. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ കൂടുതലും ഇന്ത്യക്കാരാണ്. വര്‍ക്ക് പെര്‍മിറ്റ് നീട്ടണമെന്നും സ്ഥിരതാമസത്തിന് അനുമതി നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്റ്, ഒന്റാറിയോ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. വിഷയത്തില്‍ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി റാലികള്‍ സംഘടിപ്പിക്കുകയും ക്യാമ്പുകള്‍ നടത്തുകയും ചെയ്തു. ഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റങ്ങളെ സംബന്ധിച്ച് കഴിഞ്ഞ മൂന്ന് മാസമായി വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയിട്ട്. ഈ വര്‍ഷം അവസാനം വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുന്നതോടെ നിരവധിപ്പേര്‍ക്ക് കാനഡയില്‍ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷക കൂട്ടായ്മ നൗജവാന്‍ സപ്പോര്‍ട്ട് നെറ്റ്വര്‍ക്കിന്റെ പ്രതിനിധികള്‍ പ്രതികരിച്ചു.