റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന നേട്ടം സ്വന്തമാക്കി ഗൗതം അദാനി. ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഹുറൂണ്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി മുകേഷ് അംബാനിയും കുടുംബവും രണ്ടാമതാണ്. 3.14 ലക്ഷം കോടി രൂപ ആസ്തിയുമായി എച്ച്സിഎല്‍ ഗ്രൂപ്പ് സാരഥി ശിവ് നാടാരും കുടുംബവുമാണ് മൂന്നാം സ്ഥാനത്ത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് എസ് പൂനാവാലയും കുടുംബവും 2.89 ലക്ഷം കോടിയുമായി നാലാംസ്ഥാനത്തെത്തി.
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ആദ്യമായി ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ ഇടം നേടി. 'കിങ് ഖാന്റെ' ആസ്തി 7,300 കോടി രൂപയാണെന്ന് പട്ടിക വ്യക്തമാക്കുന്നു. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ഉടമസ്ഥനെന്ന നിലയില്‍ ആസ്തിയിലുണ്ടായ വര്‍ധന ഖാന് നേട്ടമായി. പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രവാസി ഇന്ത്യക്കാരില്‍ എട്ടാംസ്ഥാനത്താണ്. |