Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 04th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി പി.വി. അന്‍വര്‍ എംഎല്‍എ
reporter

മലപ്പുറം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ രൂക്ഷമായ ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്. എം ആര്‍ അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിക്കുന്നു. അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനേ സാധിക്കൂ. അതില്‍ ആകര്‍ഷിക്കപ്പെട്ടവര്‍ക്കേ കഴിയൂ എന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അജിത്കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന ഫോണ്‍ കോള്‍ ചോര്‍ത്തിയിരുന്നു. ഫോണിന്റെ ഒരറ്റത്ത് കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ്. അവര്‍ അവരുടെ സഹോദരനോടാണു സംസാരിക്കുന്നത്. പക്ഷേ, ഫോണിന്റെ അങ്ങേയറ്റത്ത് കേരളത്തിലെയും ബോംബെയിലേയും കള്ളക്കടത്തു സംഘത്തിലെ പണം ഇന്‍വെസ്റ്റ് ചെയ്യുന്ന വളരെ പ്രധാനികളാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ അജിത് കുമാറിന്റെ ഭാര്യയെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. സ്ത്രീ എന്ന പരിഗണന നല്‍കി ഇപ്പോള്‍ വിടുകയാണ്. ആവശ്യം വരികയാണെങ്കില്‍ ചില കാര്യങ്ങള്‍ പറയാമെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എംആര്‍ അജിത് കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രി വിശ്വസിച്ച് ഉത്തരവാദിത്തമേല്‍പ്പിച്ചവരാണ്. എന്നാല്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ച വലിയ ദൗത്യം ഇവര്‍ സത്യസന്ധമായി നിര്‍വഹിച്ചിട്ടില്ല എന്നതിന് ഒരുപാട് തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് പിവി അന്‍വര്‍ പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട് അരീക്കോട്ട് നടന്ന ചടങ്ങില്‍ ഒരു പ്രശ്നമുണ്ടായില്ല. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതാണ്. ഏതാനും യൂട്യൂബര്‍മാര്‍ക്ക് മാത്രമാണ് പ്രശ്നമുണ്ടായത്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഇല്ലായ്മ ചെയ്യാനുള്ള ഒരു ഗ്രൂപ്പാണ് എഡിജിപി അജിത് കുമാറിന്റെ ഒപ്പമുള്ള കേരള പൊലീസിന്റെ ഒരു വിഭാഗമെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.

എഡിജിപി അജിത് കുമാറിന് അസിസ്റ്റന്റായി ഒരു ഐപിഎസുകാരനെ നിയമിച്ചിട്ടുണ്ട്. ഒരു പ്രത്യേക സംവിധാനം തന്നെ സൈബര്‍ സെല്ലില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാരുടെയും, എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയക്കാരുടേയും ഫോണ്‍കോളുകളും അവിടെ ചോര്‍ത്തുന്നുണ്ട്. സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോള്‍ നാട്ടിലെ ക്രൈം അന്വേഷിക്കാനല്ല. എംആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. ഇതെല്ലാം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ്. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്ടെ മാമി എന്നു പറയുന്ന കച്ചവടക്കാരനെ ഒരു വര്‍ഷമായി കാണാതായിട്ട്. ഇയാളെ കൊണ്ടുപോയി കൊന്നതാണെന്നാണ് വിശ്വസിക്കുന്നത്. ഈ കേസ് എങ്ങുമെത്തിയിട്ടില്ല. അതും ഈ സംഘവുമായി ബന്ധപ്പെട്ട വേറെ വിഷയമാണ്. ഇവരുടെ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍, കള്ളക്കടത്തുമായി ബന്ധപ്പെട്ട് പലരെയും പല സ്ഥലത്തും കുടുക്കിയിട്ടുണ്ട്. സുജിത് ദാസ് ഐപിഎസില്‍ വരുന്നതിന് മുമ്പ് കസ്റ്റംസിലായിരുന്നു. കസ്റ്റംസില്‍ സുജിത് ദാസ് നിലനിര്‍ത്തുന്ന ബന്ധങ്ങളാണ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ സ്വര്‍ണം കടത്താന്‍ സഹായിക്കുന്നത്. തിരുവനന്തപുരത്തെ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

കസ്റ്റംസിനെ വെട്ടിച്ചു വന്ന ഒരുപാട് കേസ് സുജിത് ദാസ് പിടിച്ചിട്ടുണ്ട്. നടുറോഡിലിട്ട് പൊലീസ് പിടിക്കുന്നത് നമുക്കെല്ലാം അത്ഭുതമായിട്ടുണ്ട്. എന്നാല്‍ ദുബായില്‍ നിന്നും കാരിയര്‍മാര്‍ വഴി സ്വര്‍ണവുമായി വരുമ്പോള്‍ തന്നെ അവിടുത്തെ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം ലഭിക്കും. കസ്റ്റംസിലെ ചിലര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കടത്ത് അറിയുന്നുണ്ട്. എന്നാല്‍ അവര്‍ കണ്ടാലും കടത്തിവിടും. തുടര്‍ന്ന് പൊലീസിനെ വസ്ത്രത്തിന്റെ നിറം അടക്കം വിവരം നല്‍കും. പൊലീസിന്റെ ഡാന്‍സാഫ് പക്കാ ക്രിമിനല്‍സാണ്. ജോലി എംഡിഎംഎ പിടിക്കലാണെങ്കിലും, നടത്തുന്നത് സ്വര്‍ണക്കള്ളക്കടത്ത് നടത്തി പണമുണ്ടാക്കലാണ്. പി വി അന്‍വര്‍ ആരോപിച്ചു

സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടിയാല്‍, വിമാനത്താവളം മുഴുവന്‍ സിസിടിവി നിരീക്ഷണത്തിലാണ്, ഒരു ബിസ്‌കറ്റ് പോലും മാറ്റാന്‍ കഴിയില്ല. അതേസമയം നടുറോഡിലിട്ട് പിടിച്ചാല്‍ ആരും ചോദിക്കാനില്ല. 25 ബിസ്‌കറ്റ് പിടിച്ചാല്‍ 10 ബിസ്‌കറ്റ് മാറ്റും. ബാക്കിയാണ് കസ്റ്റംസിന് കൈമാറുന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു. ഇതിനായി സുജിത് ദാസിന്റെ പഴയ കസ്റ്റംസ് ബന്ധവുമായി ബന്ധപ്പെട്ട് ഒരു ഗ്രൂപ്പുണ്ട്. ഇതിലാണ് ഡാന്‍സാഫും, സുജിത് ദാസും ഇവരുടെ തലവനായ എംആര്‍ അജിത് കുമാറും. ഇതെല്ലാം അന്വേഷിക്കട്ടെയെന്ന് പി വി അന്‍വര്‍ പറഞ്ഞു. അജിത് കുമാര്‍ ജയിലിലേക്കാണ് പോകുന്നത്. സുജിത് ദാസ് സെന്‍ട്രല്‍ ജയിലിലേക്കാണ് പോകുന്നത് എന്നതില്‍ തര്‍ക്കമില്ല. ഇതിന്റെയെല്ലാം പഴി മുഖ്യമന്ത്രിക്കാണ് കേള്‍ക്കേണ്ടി വരുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.

പല പൊലീസ് ഓഫീസര്‍മാരുടേയും ഫോണ്‍കോളുകള്‍ ചോര്‍ത്തിയിട്ടുണ്ട്. ഇതില്‍ ടെലത് ടെലികാസ്റ്റ് ചെയ്തു. ഇനിയും ഒരുപാട് ടെലികാസ്റ്റ് ചെയ്യാനുണ്ട്. ഇങ്ങനെ ചെയ്യേണ്ടി വന്നതിന്റെ ഗതികേട് ജനങ്ങള്‍ക്ക് മനസ്സിലാകും. പൊതുസമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ചെയ്യേണ്ടി വന്നതാണ്. ഈ കള്ള ഓഫീസര്‍മാരുടെ, യഥാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പക്കാ ക്രിമിനല്‍സിന്റെ, ഈ നാടിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍, നാടിന്റെ ആഭ്യന്തര സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ വിശ്വസിച്ച് ഏല്‍പ്പിച്ച ഉത്തരവാദിത്തപ്പെട്ട ചില ഓഫീസര്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യവിരുദ്ധമായ, ദേശവിരുദ്ധമായ, സാമൂഹ്യവിരുദ്ധമായ പ്രവൃത്തികള്‍ ജനങ്ങളെയും, സര്‍ക്കാരിനെയും, പാര്‍ട്ടിയെയും ബോധ്യപ്പെടുത്താന്‍ ഇതല്ലാതെ മാര്‍ഗമില്ലാത്തതു കൊണ്ടാണ് ഫോണ്‍കോളുകള്‍ ചോര്‍ത്തേണ്ടി വന്നത്. അതുകൊണ്ട് കേരള ജനതയോട് ഇക്കാര്യത്തില്‍ ക്ഷമ ചോദിക്കുകയാണ്. പി വി അന്‍വര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window