ലൈംഗിക അതിക്രമണങ്ങളില്‍ തെളിവ് ചോദിക്കുന്നതിനെതിരെ നടി ഷീല. ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ തെളിവായി ഉടനെ സെല്‍ഫിയെടുക്കുമോ എന്നാണ് താരം ചോദിക്കുന്നത്. സ്വന്തം കരിയര്‍ നഷ്ടപ്പെടുത്തി ഇതിനായി പോരാടിയ ഡബ്ല്യുസിസിയോട് ബഹുമാനമുണ്ടെന്നും ഷീല കൂട്ടിച്ചേര്‍ത്തു.
ടിവിയില്‍ ഇതൊക്കെ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര അത്ഭുതവും സങ്കടവും തോന്നി. പരാതിയുമായി പൊലീസിന്റെ അടുത്ത് പോയാലും കോടതിയില്‍ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്. ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ നമ്മള്‍ ഉടനെ സെല്‍ഫിയെടുക്കുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെല്‍ഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാന്‍ഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാല്‍ റെക്കോഡ് ചെയ്ത് വെക്കാനാകുമോ. എങ്ങനെയാണ് തെളിവ് കാണിക്കുക.- ഷീല ചോദിച്ചു.
ഡബ്ല്യുസിസിയോട് ഒരുപാട് ബഹുമാനമുണ്ട്. അവര്‍ എത്രയാണ് പോരാടുന്നത്. ഡബ്ല്യുസിസിയില്‍ ഉള്ള നടികളുടെ കരിയര്‍ തന്നെ പോയി. എന്ത് സൗന്ദര്യവും കഴിവും ഉള്ളവരാണ്. അവരുടെ കരിയര്‍ പോയല്ലോ. ഇതിന് വേണ്ടി അവരെന്തെല്ലാം ചെയ്തു ഷീല ചോദിച്ചു. പവര്‍ ഗ്രൂപ്പ് എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ഇപ്പോള്‍ കേള്‍ക്കുമ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് അറിയുന്നതെന്നും ഷാല പറഞ്ഞു. സ്ഥാനാര്‍ഥി സാറാമ്മ, കള്ളിച്ചെല്ലമ്മ തുടങ്ങി താന്‍ ടൈറ്റില്‍ കഥാപാത്രമായ സിനിമകള്‍ ചെയ്തിട്ടും തനിക്ക് പുരുഷന്മാരേക്കാള്‍ വേതനം ലഭിച്ചില്ല എന്നാണ് ഷീല പറയുന്നത്.