തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്ത് കുമാറും ആര്‍എസ്എസ് നേതാവും തമ്മില്‍ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്ന് ബിജെപിസംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ് സതീശന്‍. ഈ വിഷയത്തിലേക്ക് ആര്‍എസ്എസിനേയും ബിജെപിയേയും വലിച്ചിടാനാണ് സതീശന്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'സതീശന്റെത് ഉണ്ടായില്ലാത്ത വെടിയാണ്. അങ്ങനെ ഒരു കൂടിക്കാഴ്ചയോ, ചര്‍ച്ചയോ പൂരത്തിന്റെ പേരില്‍ എവിടെയും നടന്നിട്ടില്ല. പൂരം സമയത്ത് ഇങ്ങനെ ഒരു ചര്‍ച്ച നടന്നുവെന്ന എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വിഡി സതീശന്‍ പറയുന്നത്. അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് അദ്ദേഹം. കാരണം ഇവിടെ ഉയര്‍ന്ന വന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്താരിക്കാനായി ബിജെപിയെയും ആര്‍എസ്എസിനെയും വലിച്ചിഴയ്ക്കാനാണ് സതീശന്‍ ശ്രമിക്കുന്നത്' - സുരേന്ദ്രന്‍ പറഞ്ഞു.
2023 മേയില്‍ തൃശൂരില്‍ നടന്ന ആര്‍എസ്എസ് ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ഈ കൂടിക്കാഴ്ചയെന്നും സതീശന്‍ പറഞ്ഞു. തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ വച്ചാണ് ആര്‍എസ്എസ് ക്യാംപ് നടന്നത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ക്യാംപില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ പറഞ്ഞയച്ചു. സ്വകാര്യ ഹോട്ടലില്‍ ഔദ്യോഗിക കാര്‍ ഇട്ട ശേഷം മറ്റൊരു കാറിലാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കാണാന്‍ പോയത്. ഒരു മണിക്കൂര്‍ അവര്‍ സംസാരിച്ചുവെന്നും സതീശന്‍ ആരോപിച്ചു.