കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അറസ്റ്റ് ചെയ്താലും സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കുമെന്നും അറിയിച്ചു. ഇത് അംഗീകരിച്ചാണ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്.
ബംഗാളി നടി ശ്രീലേഖ മിത്ര നല്‍കിയ പരാതിയിലാണ് രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. താന്‍ നിരപാധിയാണെന്ന് രഞ്ജിത്ത് ഹര്‍ജിയില്‍ പറഞ്ഞു. തന്നെ കേസില്‍പ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണ്. സംഭവം നടന്നു എന്നു പറയുന്ന സമയം കഴിഞ്ഞ് 15 വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയിട്ടുള്ളത് എന്നും രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
സംഭവം നടന്നു എന്നു പറയുന്നത് 2009 ലാണ്. തനിക്കെതിരെ ചുമത്തിയ വകുപ്പ് ജാമ്യം ലഭിക്കാവുന്നതാണ്. എന്നാല്‍ 2013 ല്‍ ഈ വകുപ്പ് ജാമ്യമില്ലാ വകുപ്പായി ഭേദഗതി ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനായി വിളിച്ചു വരുത്തിയശേഷം രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്ര പരാതിയില്‍ വ്യക്തമാക്കിയത്.