ന്യൂഡല്‍ഹി: ഉരുള്‍പ്പൊട്ടലില്‍ നാശം വിതച്ച വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് വയനാട് മുന്‍ എംപിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. തന്റെ ഒരു മാസത്തെ ശമ്പളം വയനാടിന്റെ ദുരിതാശ്വാസ-പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്തതായി രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്കാണ് രാഹുല്‍ 2.30 ലക്ഷം രൂപ സംഭാവന ചെയ്തത്. സകലതും നശിപ്പിച്ച ഒരു ദുരന്തം അനുഭവിച്ചു നില്‍ക്കുകയാണ് വയനാട്ടിലെ നമ്മുടെ സഹോദരന്മാരും സഹോദരിമാരും.
അവര്‍ക്കുണ്ടായ, സങ്കല്‍പിക്കാന്‍ പോലുമാകാത്ത നഷ്ടങ്ങളില്‍നിന്ന് അവര്‍ മോചിതരാകാന്‍ നമ്മുടെ പിന്തുണ ആവശ്യമാണ്. എന്റെ ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ദുരന്തബാധിതരുടെ സഹായത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ളതിലേക്ക് സംഭാവന ചെയ്തു. തങ്ങളാല്‍ കഴിയുന്ന വിധം സംഭവന നല്‍കാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുകയാണ്, എത്ര ചെറിയ സഹായവും പ്രയോജനകരമാകും. രാജ്യത്തിന്റെ മനോഹരമായ ഒരു ഭാഗമാണ് വയനാട്. ഏറെ നഷ്ടങ്ങള്‍ നേരിടേണ്ടിവന്ന അവിടുത്തെ ആളുകളുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ നമുക്ക് ഒരുമിച്ച് സഹായിക്കാം, രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.