തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ച കന്റോണ്‍മെന്റ് എസ്ഐയെ സ്ഥലത്തു നിന്നും മാറ്റാതെ ആശുപത്രിയിലേക്കില്ലെന്ന് അബിന്‍ വര്‍ക്കിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിലപാടെടുത്തു. സംഘര്‍ഷ വിവരമറിഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സമരം നടന്ന സെക്രട്ടേറിയറ്റിന് മുന്നിലെത്തി. സുധാകരന്റെ നിര്‍ദേശം കണക്കിലെടുത്ത് അബിന്‍ വര്‍ക്കിയെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസിന്റെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. പട്ടാളം വന്ന് വെടിവെച്ചാലും സമരത്തില്‍ നിന്നും പിന്നോട്ടുപോകില്ല. കയ്യാങ്കളി കളിച്ച്, ആയുധം ഉപയോഗിച്ച് മര്‍ദ്ദിച്ച് ഞങ്ങളെ ഒതുക്കാന്‍ നോക്കേണ്ട. അങ്ങനെ ഒതുക്കാന്‍ മുമ്പില്‍ നില്‍ക്കുന്ന ഓരോ പൊലീസുകാരനെയും ഞങ്ങള്‍ വ്യക്തിപരമായി നാട്ടില്‍ വെച്ച് കണ്ടുമുട്ടും. ഒരു സംശയവും വേണ്ട. നാളെ മുതല്‍ നോക്കിക്കോ എന്നിട്ട് ബാക്കി പറയാമെന്ന് കെ സുധാകരന്‍ പറഞ്ഞു.
പൊലീസിന്റെ നടപടി ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. മുദ്രാവാക്യം വിളിച്ചതിന് ഇവരെ അടിച്ച് തല കീറി കൊല്ലാന്‍ ഇവിടെ നിയമമുണ്ടോ?. ഏത് പൊലീസുകാര്‍ക്കാണ് അധികാരം?. അക്രമിച്ച പൊലീസുകാരെ വ്യക്തിപരമായി നേരിടാനാണ് തീരുമാനം. സമരത്തെ ഒരു കാരണവശാലും അടിച്ചമര്‍ത്താന്‍ കഴിയില്ല. ഒരു അബിന്‍ വര്‍ക്കിയല്ല, നൂറു അബിന്‍ വര്‍ക്കിമാര് സമരരംഗത്ത് വരും. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ പൊലീസിന് അധികാരമുണ്ട്. അല്ലാതെ തലയ്ക്കടിച്ച് ചോരയൊലിപ്പിച്ച് കൊല്ലാനൊന്നും പൊലീസിന് അധികാരമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. അഭിമാനമുള്ള അന്തസ്സുള്ള എത്ര പൊലീസുകാരുണ്ട് ഈ കൂട്ടത്തിലെന്ന് കെപിസിസി പ്രസിഡന്റ് ചോദിച്ചു. കാട്ടുമൃഗങ്ങളെപ്പോലെയാണ് പൊലീസ് പെരുമാറിയത്. ഈ സമരത്തെ പാര്‍ട്ടി ഏറ്റെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനും പൊലീസിനുമെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചാണ് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.