മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിയെ വഞ്ചിച്ച മകളെയും മരുമകനെയും നദിയിലെറിയണമെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ച് മുതിര്‍ന്ന എന്‍സിപി നേതാവ് ധര്‍മ്മറാവുബാബ അത്രം. മകള്‍ ഭാഗ്യശ്രീ എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിലേക്ക് പോകുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് നേതാവിന്റെ പ്രതികരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു ധര്‍മ്മറാവുബാബയുടെ വിവാദപരാമര്‍ശം.
നിയമസഭ തെരഞ്ഞടുപ്പില്‍ അത്രത്തിനെതിരെ മകള്‍ ഭാഗ്യശ്രിയെ എന്‍സിപി ശരദ് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. 'ചിലര്‍ പാര്‍ട്ടി വിടുന്നു. അവരെ നാം ശ്രദ്ധിക്കേണ്ടതില്ല, എന്റെ രാഷ്ട്രീയ സ്വാധിനം മനസിലാക്കി എന്റെ കുടുംബത്തിലെ ചിലര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാനരാഷ്ട്രീയത്തില്‍ നാല്‍പ്പത് വര്‍ഷമായി ചിലര്‍ കൂറുമാറ്റം നടത്തുന്നു. ഇപ്പോള്‍ ശരദ്പവാര്‍ വിഭാഗം എന്റെ വീട്ടില്‍ വിഭജനം ഉണ്ടാക്കി മകളെ തനിക്കെതിരെ മത്സരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്റെ മകളെയും മരുമകനെയും വിശ്വസിക്കരുത്'- അത്രം ജനങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയെ വഞ്ചിച്ച അവരെ ജനം പ്രണ്‍ഹിത നദിയില്‍ എറിയണം. എതിര്‍പക്ഷത്തുപോയി സ്വന്തം അച്ഛനെ എതിര്‍ക്കുന്നു. ഒരു അച്ഛന്റെ മകളകാന്‍ കഴിയാത്ത അവള്‍ എങ്ങനെ നിങ്ങളുടെ നേതാവാകും?. അവരെ വിശ്വസിക്കരുത്, രാഷ്ട്രയീത്തില്‍ മകളെന്നോ സഹോദരിയോ എന്നൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞടുപ്പില്‍ അഹേരി മണ്ഡലത്തില്‍ തനിക്ക് തന്നെ പാര്‍ട്ടി അവസരം തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു മകള്‍ ഉപേക്ഷിച്ചാല്‍ മറ്റൊരു മകള്‍ കൂടെയുണ്ടെന്നും കുടുംബം തനിക്കൊപ്പമാണെന്നും മകളുടെ രാഷ്ട്രീയ പ്രവേശത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാര്‍ട്ടി വിട്ട് മറുപക്ഷത്തേക്ക് പോകാനുള്ള തീരുമാനം എടുക്കരുതെന്ന് അജിത് പവാര്‍ ഭാഗ്യശ്രീയോട് അഭ്യര്‍ഥിച്ചു.