മലപ്പുറം: എംആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ മാത്രം പോരാ, ഇന്റലിജന്‍സ് കൃത്യമായി നിരീക്ഷിക്കണമെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ സാമ്പത്തിക മേഖലയിലെ കള്ളക്കളികളാണ് പുറത്തുവന്നതെങ്കില്‍ ഇവര്‍ നടത്തിയ രാഷ്ട്രീയമായ അട്ടിമറികളുടെ ഞെട്ടിപ്പിക്കുന്ന വിവരമാണ് വരാനിരിക്കുന്നത്. അജിത് ക്രമസമാധാന ചുമതലയില്‍ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനാണെന്ന് അന്‍വര്‍ പറഞ്ഞു.
കേരളം കാതോര്‍ത്തിരുന്ന ചില കേസുകള്‍ അജിത് കുമാര്‍ അട്ടിമറിച്ചിട്ടുണ്ട്. അതിന്റെ വക്കും മൂലയും ഇപ്പോള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ കൈയില്‍ ലഭിക്കുന്നതോടെ പുറത്തുവിടും. കേരളത്തിലെ അതിപ്രമാദമായ രാഷ്ട്രീയ കേസ് ഒരു സര്‍ക്കാരിനെ, ഒരു മുന്നണിയെപോലും ബാധിക്കാന്‍ സാധ്യതയുള്ള ഒരു കേസ് അന്തം വിട്ടുപോകുന്ന രീതിയിലാണ് അട്ടിമറിച്ചതെന്നും അന്‍വര്‍ പറഞ്ഞു. ഇനിയും എഡിജിപി അജിത് കുമാറിനെ ആ പൊസിഷനില്‍ ഇരുത്തരുത്. അദ്ദേഹത്തിന്റെ സാന്നിധ്യം എഡിജിപിക്ക് കീഴില്‍ ജോലി ചെയ്യുന്നവരുടെയും ഒപ്പം ജോലി ചെയ്യുന്നവരുടെ ആത്മവിശ്വാസം കെടുത്തും. എഡിജിപി അജിത് കുമാര്‍ ആ പദവിയില്‍ നിന്ന് തെറിക്കുന്നതോടെ ഇനിയും നിരവധി ഉദ്യോഗസ്ഥരും ജനങ്ങളും രംഗത്തുവരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്.