Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 04th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
അമ്മയെ തല്ലിയത് ശരിയാണോ എന്ന മട്ടില്‍ ചോദിക്കരുതെന്ന് വിജയരാഘവന്‍
reporter

 കണ്ണൂര്‍ : എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയും സര്‍ക്കാരും വേറെയാണെന്ന തരത്തിലുള്ള ചോദ്യം ശരിയല്ല. എപ്പോഴോ നടന്ന സംഭവമാണ് വലിയ വിവാദമായി ഇപ്പോള്‍ അവതരിപ്പിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയന്‍ തന്നെയാണ് കേരളത്തിലെ സര്‍ക്കാരിനെ നയിച്ചു വരുന്നത്. പാര്‍ട്ടിയിലെ മറ്റു സഖാക്കളും സര്‍ക്കാരിലുണ്ട്. ഇവരൊക്കെ കൂട്ടായി സ്വീകരിക്കുന്ന നടപടികള്‍ പാര്‍ട്ടി തീരുമാനം തന്നെയാണെന്ന് വിജയരാഘവന്‍ പറഞ്ഞു. ഈ വിഷയം സര്‍ക്കാര്‍ പരിശോധിക്കും. അതില്‍ മാധ്യമങ്ങള്‍ വിഷമിക്കേണ്ടതില്ല. പിണറായി വിജയന്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായത്. അദ്ദേഹം നല്ല നിലയിലാണ് മുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങളെ വളരെ കൃത്യതയോടെ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാനുള്ള പ്രാപ്തി പിണറായി വിജയനുണ്ടെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

16 മാസങ്ങള്‍ക്കു മുന്‍പ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതു വലിയ വിവാദമാക്കിയിരിക്കുകയാണ്. എപ്പോഴോ നടന്ന സംഭവമാണ് വലിയ വിവാദമായി മാധ്യമങ്ങള്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഭംഗിയായി കളവുകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്നത് കേരളത്തിലെ മാധ്യമങ്ങളുടെ സ്വഭാവമാണ്. അവരത് നല്ല രീതിയില്‍ നിര്‍വഹിക്കുന്നുണ്ട്. ഈ ചെലവില്‍ പാര്‍ട്ടിക്കെതിരെ ചിലത് കാച്ചാമെന്നാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അമ്മയെ തല്ലിയത് ശരിയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു വിജയരാഘവന്റെ മറുപടി. സിപിഐ എഡിജിപി വിഷയത്തില്‍ പറയുന്നത് അവരുടെ അഭിപ്രായമാണ്. അവര്‍ കേരളത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. അവര്‍ക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പി വി അന്‍വര്‍ സ്വതന്ത്ര എംഎല്‍എയാണ് അദ്ദേഹത്തിനും സ്വന്തമായി അഭിപ്രായം പറയാമെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window