കൊച്ചി: പൂട്ടിക്കിടന്ന വീട്ടില്‍ വിദേശത്തുള്ള വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ കുടുംബം താമസിക്കുന്നതായി പരാതി. അമേരിക്കയില്‍ താമസിക്കുന്ന അജിത് കെ വാസുദേവനാണ് ശനിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയിലിലൂടെ പരാതി നല്‍കിയത്. വൈറ്റില ജനതാ റോഡിലാണ് അജിത്തിന്റെ ഉടമസ്ഥതയിലുള്ള വീടുള്ളത്. ഇത് വാടകയ്ക്കു നല്‍കിയിരുന്നില്ല. ?ഗെയ്റ്റ് ഉള്‍പ്പെടെ പൂട്ടിയിരുന്നതാണ്. 2023ല്‍ ഒഴികെ എല്ലാവര്‍ഷവും അജിത് നാട്ടില്‍ വന്നിരുന്നു.
ഇക്കഴിഞ്ഞ രണ്ട് തവണകളായി 5000ത്തിനു മുകളില്‍ വൈദ്യുതി ബില്‍ വന്നപ്പോള്‍ അതിലെ അപാകം പരിശോധിക്കാന്‍ കെഎസ്ഇബിക്ക് പരാതി നല്‍കി. അതിനിടെ ബില്‍ കൂടാന്‍ കാരണമെന്താണെന്നു അന്വേഷിച്ചറിയാന്‍ ചെലവന്നൂര്‍ സ്വദേശികളായ രണ്ട് പേരെ വീട്ടിലേക്ക് അയച്ചു. അപ്പോഴാണ് അവിടെ താമസക്കാരുണ്ടെന്നു മനസിലായത്. വീട് നോക്കാന്‍ വന്നവര്‍ ചിത്രങ്ങളെടുത്തപ്പോള്‍ അതു തടയാന്‍ താമസക്കാര്‍ ശ്രമിച്ചതായും പറയുന്നു. വീടിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കുകയും പെയിന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നു ഉടമ പരാതിയില്‍ പറയുന്നു. പരാതി മരട് പൊലീസിനു കൈമാറി. സംഭവത്തില്‍ ഇന്ന് മുതല്‍ അന്വേഷണം ആരംഭിക്കുമെന്നു മരട് പൊലീസ് വ്യക്തമാക്കി.