തിരുവനന്തപുരം: കംബോഡിയയില്‍ ജോലി തട്ടിപ്പിനിരയായ ഏഴു മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. ഒരു ലക്ഷം രൂപയുടെ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കംബോഡിയയില്‍ എത്തിച്ചത്. കംബോഡിയയില്‍ എത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞത്. മനുഷ്യക്കടത്തില്‍ ഇരകളാക്കപ്പെട്ട ഇവരെ വിദേശകാര്യമന്ത്രാലയം ഇടപെട്ടാണ് തിരിച്ചെത്തിച്ചത്. കംബോഡിയയില്‍ ക്രൂരമായ തൊഴില്‍ പീഡനം നേരിടേണ്ടി വന്നതായി തിരിച്ചെത്തിയ യുവാക്കള്‍ പ്രതികരിച്ചു.
വടകര അടക്കം വിവിധ പ്രദേശങ്ങളിലുള്ള യുവാക്കളാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഒക്ടോബര്‍ 3നാണ് എട്ട് യുവാക്കള്‍ തട്ടിപ്പിനിരയായി കംബോഡിയയിലെത്തുന്നത്. ഐടി ജോലി വാഗ്ദാനം ചെയ്താണ് മലയാളി യുവാക്കളെ വിദേശത്തേക്ക് കൊണ്ടുപോയത്. മനുഷ്യക്കടത്ത് സംഘം യുവാക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. സംഘത്തിന്റെ പിടിയില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ട ഇവര്‍ ഇന്ത്യന്‍ എംബസിയുടെ അഭയകേന്ദ്രത്തില്‍ താമസിക്കുകയായിരുന്നു. ഒരാള്‍ തട്ടിപ്പ് സംഘത്തിന്റെ പിടിയിലാണ്.
നാട്ടിലുള്ള ആളുകളെ ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയാക്കണമെന്ന് സംഘം ഇവരോട് ആവശ്യപ്പെട്ടു. അതിന് പരിശീലനം നല്‍കിയെങ്കിലും തട്ടിപ്പ് നടത്താന്‍ തയാറാവാതിരുന്നപ്പോള്‍ സംഘം തങ്ങളെ മര്‍ദിക്കുകയായിരുന്നു എന്നും യുവാക്കള്‍ പറയുന്നു. യുവാക്കള്‍ വിദേശത്ത് കുടുങ്ങിയതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.