കൊച്ചി: വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി കേരളത്തിലേക്ക് വിദേശസിഗരറ്റ് കടത്ത് വ്യാപകം. ഇതിനൊപ്പം വ്യാജ വിദേശ സിഗരറ്റുകളും വില്പനയ്‌ക്കെത്തിക്കുന്നു. ഫാന്‍സി വസ്തുക്കളുടെയടക്കം മറവിലാണ് കടത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍, കൊച്ചി തുറമുഖം വഴിയാണ് കടത്ത്. അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ സിഗരറ്റാണ് ഏറെയും കടത്തുന്നത്. മലേഷ്യ, ശ്രീലങ്ക വഴിയാണ് കപ്പല്‍മാര്‍ഗം കടത്തുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. മംഗലാപുരം, ചെന്നൈ തുറമുഖങ്ങളിലൂടെ കടത്തുന്ന സിഗരറ്റുകള്‍ കൊറിയര്‍ വഴിയും കേരളത്തിലെത്തിക്കുന്നു. വിദേശ സിഗരറ്റുകളോടുള്ള പ്രിയം കണക്കിലെടുത്താണ് കടത്ത്. ഫാന്‍സി സ്റ്റോറുകളുടെയടക്കം മറവിലാണ് വില്പന.
ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് പാഴ്സലിന്റെ മറവില്‍ വ്യാജ വിദേശസിഗരറ്റുകളും വില്പനയ്‌ക്കെത്തിക്കുന്നു. ആലുവ മാര്‍ക്കറ്റ്, തിരൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സമീപകാലത്ത് വ്യാജസിഗരറ്റ് പിടികൂടിയിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15ല്‍ നിന്ന് 6 ശതമാനമായി കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ കുറച്ചിരുന്നു. ഇതോടെ സ്വര്‍ണക്കടത്തിലെ ലാഭം കുറഞ്ഞതാണ് സിഗരറ്റ് കടത്തിലേക്ക് പലരും തിരിഞ്ഞതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
2023- 24 സാമ്പത്തികവര്‍ഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 5.6കോടിരൂപ വിലമതിക്കുന്ന വിദേശസിഗരറ്റ് കസ്റ്റംസ് പിടികൂടി. 325 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഈമാസം നാലിന് 88.84 ലക്ഷം രൂപയുടെ സിഗരറ്റ് പിടിച്ചു
കഴിഞ്ഞ സെപ്തംബര്‍ 28ന് കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് 1,25,84,000 രൂപയുടെ 9,68,000 സിഗരറ്റ് കസ്റ്റംസ് പിടിച്ചു. അമേരിക്കന്‍ സിഗരറ്റാണ് ലഗേജിന്റെ മറവില്‍ കടത്തിയത്
കടത്തുന്ന ബ്രാന്‍ഡുകള്‍
ഗോള്‍ഡ് ഫ്‌ളേക്ക്
മോണ്ട് സ്ളിം
പി.എന്‍.യു ഐ റെഡ്
സൈന്‍ ലൈറ്റ്സ്
പിന്‍ എക്സ് പിങ്ക്
മാഞ്ചസ്റ്റര്‍, വെസ്റ്റ്
ജോണ്‍ പ്ളേയര്‍ ഗോള്‍ഡ് ലീഫ്