ദീപാവലിയുടെയും കേരളപിറവിയുടെയും ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ച് താരസംഘടനയായ അമ്മ. കൊച്ചിയിലെ 'അമ്മ' ഓഫീസില്‍ കേരളപ്പിറവി ആഘോഷം നടന്നു. അമ്മയില്‍ പുതിയ കമ്മിറ്റി ഉണ്ടാകുമെന്ന് എം.പിയും നടനുമായ സുരേഷ് ഗോപി. ഇക്കാര്യത്തില്‍ മോഹന്‍ലാലുമായി ചര്‍ച്ച നടത്തി. അതിനുള്ള തുടക്കം താന്‍ കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരും എന്നും സുരേഷ് ഗോപി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ വിവാദങ്ങള്‍ക്ക് ശേഷം അമ്മ സംഘടനയുടെ നേതൃത്വത്തില്‍ ഒരു പരിപാടിയും സംഘടിപ്പിച്ചിരുന്നില്ല. അതിനിടെയാണ് കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടന്നത്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും എത്തി ചേരുകയായിരുന്നു.
അമ്മ സംഘടന ഇപ്പോഴും സജീവം ആണെന്നും, ദൈനം ദിന പ്രവര്‍ത്തനം ഭംഗിയായി നടക്കുന്നു എന്നും വിനു മോഹന്‍ പറഞ്ഞു. കമ്മറ്റിയെ കുറിച്ചുള്ള ആലോചനകളും ചര്‍ച്ചകളും പുരോഗമിക്കുന്നു. അനുയോജ്യമായ തീരുമാനം ഉടന്‍ എന്നും വിനു മോഹന്‍ പറഞ്ഞു.
അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിക്ക് ഉള്‍പ്പെടെ നിരവധി നടന്മാര്‍ക്ക് എതിരെ ലൈംഗിക ആരോപണ പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്. |