Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=105.6636 INR  1 EURO=89.1902 INR
ukmalayalampathram.com
Wed 15th Jan 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
നായാടി മുതല്‍ നസ്രാണി വരെ, എസ്എന്‍ഡിപിയുടെ പുതിയ മുദ്രാവാക്യം
reporter

തിരുവനന്തപുരം: എന്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ പ്രാമാണിത്വം ചെറുക്കാന്‍ നായാടി മുതല്‍ നസ്രാണി വരെ എന്ന പുതിയ സാമൂഹിക കൂട്ടായ്മയ്ക്ക് എസ്എന്‍ഡിപി യോഗം. തിങ്കളാഴ്ച മൈസൂരില്‍ നടന്ന സംഘടനയുടെ നേതൃക്യാമ്പിന്റെ സമാപനത്തിലായിരുന്നു ആഹ്വാനം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടുവച്ച ആശയം ക്യാമ്പ് ഐകകണ്ഠ്യേന പാസാക്കി. ഇത് രണ്ടാം തവണയാണ് നടേശന്‍ പുതിയ സാമൂഹിക രൂപീകരണം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. 2015 ല്‍, എസ്എന്‍ഡിപിക്ക് ആഭിമുഖ്യമുള്ള ബിഡിജെഎസ് (ഭാരത് ധര്‍മ്മ ജനസേന) രൂപീകരിക്കുന്നതിന് മുമ്പ്, വെള്ളാപ്പള്ളി നടേശന്‍ 'നായാടി മുതല്‍ നമ്പൂതിരി വരെ' ഐക്യത്തിന് ആഹ്വാനം ചെയ്തിരുന്നു. തുടക്കത്തില്‍ ഈ ആശയവുമായി എന്‍എസ്എസ് യോജിച്ചെങ്കിലും, പിന്നീട് ഇതില്‍ നിന്നും അകലം പാലിക്കുകയായിരുന്നു.

'നായാടി മുതല്‍ നമ്പൂതിരി വരെ' എന്ന മുദ്രാവാക്യം 'നായാടി മുതല്‍ നസ്രാണി വരെ' എന്നതിലേക്ക് ഞങ്ങള്‍ നീട്ടുകയാണ്. 'ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്.' വെള്ളാപ്പള്ളി നടേശന്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ മുസ്ലീങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നു. അതുകൊണ്ടാണ് ഇത്തരമൊരു ആശയം മുന്നോട്ട് വെക്കുന്നത്. പല ക്രിസ്ത്യന്‍ സമുദായ നേതാക്കളും അത് വ്യക്തിപരമായി സമ്മതിച്ചിട്ടുണ്ട്. ചില അനൗപചാരിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും അംഗീകരിക്കുന്നപക്ഷം ഈ നീക്കവുമായി മുന്നോട്ടുപോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ക്രിസ്ത്യാനികള്‍ മുസ്ലീങ്ങളുടെ ഭാഗത്തു നിന്ന് കഷ്ടതകള്‍ നേരിടുന്നുണ്ട്. പല ക്രിസ്ത്യാനികളും തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രൊഫ ടി ജെ ജോസഫിന്റെ സംഭവം ഒരു ഉദാഹരണമാണ്. ഇടതുപക്ഷവും യുഡിഎഫും മുസ്ലിംകളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നു. മുനമ്പത്ത് ഇരുമുന്നണികളും ആവേശത്തോടെ മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയാണ്. വഖഫ് (ഭേദഗതി) ബില്ലിനെതിരായ നിയമസഭാ പ്രമേയം ഏകകണ്ഠമായി പാസാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

എന്‍എസ്എസ് നേതൃത്വവും ചില ക്രിസ്ത്യന്‍ സമുദായങ്ങളും ഈ നിര്‍ദ്ദേശത്തോട് അകലം പാലിച്ചു. നായാടി മുതല്‍ നസ്രാണി വരെ എന്ന ആശയം തന്നെ ഒരു സമുദായത്തെ-മുസ്ലിംകളെ ഒഴിവാക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ''എന്‍എസ്എസിന് രാഷ്ട്രീയമില്ല, ഞങ്ങള്‍ മതനിരപേക്ഷതയെ വിലമതിക്കുന്നു. എല്ലാവരെയും തുല്യരായി കാണുന്ന സംഘടനയാണ് എന്‍എസ്എസ്. തങ്ങള്‍ക്ക് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ചില കടുത്ത മുസ്ലീം പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുണ്ടെങ്കിലും, എസ്എന്‍ഡിപിയുടെ പുതിയ നീക്കത്തില്‍ സീറോ മലബാര്‍ കത്തോലിക്കാ സഭയ്ക്ക് സംശയങ്ങളുണ്ട്. നടേശന്റെ ആശയം ഗൗരവമായി എടുക്കുന്നില്ലെന്ന് 55 ലക്ഷത്തോളം വരുന്ന സഭയിലെ ഒരു മുതിര്‍ന്ന വ്യക്തി സൂചിപ്പിച്ചു. ''നടേശന് സത്യസന്ധതയില്ല. ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ വഞ്ചിക്കുന്നതായി അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. ഒരു സാമൂഹ്യപ്രശ്നം ഉയര്‍ന്നുവരുമ്പോള്‍, അദ്ദേഹം സ്വയമായി ഒരു ചാല്‍ ഉഴുതുമറിക്കുകയാണ്.''

'നായന്മാരുമായി കൈകോര്‍ക്കാനുള്ള വഴികള്‍ അദ്ദേഹം ആദ്യം കണ്ടെത്തണം. എസ്എന്‍ഡിപിക്ക് എന്തെങ്കിലും രൂപീകരണം നടത്താന്‍ ആശയമുണ്ടെങ്കില്‍ അവര്‍ ആദ്യം ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തുകയാണ് വേണ്ടത്.'' വെള്ളാപ്പള്ളിയുടെ പ്രസ്താവന പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയും എസ്എന്‍ഡിപിയുടെ ആശയം തള്ളിക്കളഞ്ഞു. മുസ്ലീങ്ങള്‍ നമ്മുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നു എന്ന ആരോപണം ഭിന്നിപ്പിക്കുന്ന ആശയമാണെന്ന് സഭ അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window