കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടി താത്കാലികമായി സ്റ്റേ ചെയ്തു. സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരേ സാന്ദ്രാ തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ഇടക്കാല സ്റ്റേയാണ് കോടതി നല്‍കിയിരിക്കുന്നത്. അന്തിമ ഉത്തരവ് വരുന്നത് വരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗമായി തുടരാം. അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നേരത്തേ നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കിയത്.
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സാന്ദ്ര സംഘടനയ്ക്കെതിരേ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്. |