കോതമംഗലം നെല്ലിക്കുഴിയില്‍ താമസിക്കുന്ന ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. യുപി സ്വദേശി അജാസ് ഖാന്റെ മകള്‍ മുസ്‌കാനെ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. മാതാപിതാക്കളെ കോതമംഗലം പൊലീസ് ചോദ്യം ചെയ്യുകയാണ്.
കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം യു പി സ്വദേശിനിയായ ആറുവയസ്സുകാരിയെ രാവിലെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നും പരിശോധിച്ചപ്പോള്‍ ജീവന്‍ ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ രാത്രി അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌കാനും ഇളയകുട്ടിയും വേറെ മുറിയിലുമായിരുന്നു ഉറങ്ങാന്‍ കിടന്നത്. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ കുട്ടി മരിച്ച് കിടക്കുകയായിരുന്നുവെന്ന് പിതാവ് അജാസ് ഖാന്‍ പറഞ്ഞു. പിന്നാലെ പഞ്ചായത്ത് മെമ്പറെ വിവരം അറിയച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. |