എറണാകുളം കാലടിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. സ്‌കൂട്ടറില്‍ പോവുകയായിരുന്നയാളെ കുത്തിവീഴ്ത്തി 20 ലക്ഷം രൂപ തട്ടിയെടുത്തു. പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ മാനേജര്‍ തങ്കച്ചനെയാണ് ആക്രമിച്ചത്. ഇയാളുടെ നില ഗുരുതരമാണ്. ബൈക്കില്‍ വന്ന രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
വൈകിട്ട് 5.30ഓടെയാണ് സംഭവം. വികെഡി വെജിറ്റബിള്‍സിലെ മാനേജര്‍ തങ്കച്ചന്‍ കളക്ഷനുമായി ഉടമയുടെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു. സംഭവം നടന്നതിന്റെ തൊട്ടടുത്ത് ചെങ്ങലില്‍ തന്നെയാണ് ഉടമയുടെ വീട്.
അവിടെയെത്താറായപ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ തങ്കച്ചന്റെ വാഹനത്തിന് മുന്നിലെത്തി കയ്യിലുണ്ടായിരുന്ന സ്‌പ്രേ മുഖത്തേക്കടിച്ചു. തുടര്‍ന്ന് കത്തിയെടുത്ത് ഇയാളുടെ വയറ്റില്‍ കുത്തി. മൂന്ന് തവണ കുത്തേറ്റ് തങ്കച്ചന്‍ താഴെ വീണതിനെ തുടര്‍ന്ന് സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന പണമെടുത്ത് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. |