ലണ്ടന്‍: ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന റിഫോം-യുകെ പാര്‍ട്ടി, അംഗബലത്തില്‍ കണ്‍സര്‍വേറ്റിവിനെ മറികടന്നെന്ന അവകാശ വാദവുമായി രംഗത്ത്. പാര്‍ട്ടി നേതാവ് നൈജല്‍ ഫെറാജാണ് ബോക്‌സിങ് ഡേയില്‍ ഈ പുതിയ അവകാശവാദം ഉന്നയിച്ചത്. മുഖ്യ പ്രതിപക്ഷമായ ടോറി പാര്‍ട്ടിയെ (കണ്‍സര്‍വേറ്റിവ്) അംഗങ്ങളുടെ എണ്ണത്തില്‍ തങ്ങള്‍ മറികടന്നു എന്നായിരുന്നു ഫെറാജിന്റെ പ്രസ്താവന. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ നേതാവിനെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉണ്ടായിരുന്ന ടോറി അംഗങ്ങളുടെ എണ്ണം 131,680 ആണ്. റിഫോം പാര്‍ട്ടിയുടെ വെബ്‌സൈറ്റിലെ ഡിജിറ്റല്‍ ട്രാക്കറില്‍ അംഗങ്ങളുടെ എണ്ണം ഇതിലും ഏറെയായെന്നായിരുന്നു ഫെറാജിന്റെ അവകാശവാദം. ഫെറാജ് പറയുന്നത് കള്ളക്കണക്കാണെന്നും ഡിജിറ്റല്‍ തട്ടിപ്പിലൂടെയുള്ള പെരുപ്പിച്ച സംഖ്യയാണിതെന്നും പറഞ്ഞാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബാഡ്‌നോക് ഇതിനെ പ്രതിരോധിച്ചത്. എന്നാല്‍ ഇരു പാര്‍ട്ടികളുടെയും അംഗങ്ങളുടെ എണ്ണം ഒരേ സ്ഥാപനത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കാന്‍ തയാറാണോ എന്ന മറുചോദ്യമാണ് ഇക്കാര്യത്തില്‍ ഫെറാജിനുള്ളത്. എന്തായാലും രണ്ടു ദിവസമായി ബ്രിട്ടിഷ് രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നത് പ്രതിപക്ഷത്തെ രണ്ടു മുഖ്യ പാര്‍ട്ടികള്‍ തമ്മിലുള്ള അംഗബല തര്‍ക്കമാണ്. ബ്രിട്ടനില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്കാണ് ഏറ്റവും അധികം അംഗങ്ങളുള്ളത് - 366,604. മുഖ്യ പ്രതിപക്ഷമായ ടോറി അഥവ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കുള്ളത് 131,689 പേരാണ്. മറ്റൊരു പ്രമുഖ ദേശീയ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിനുള്ളത് 90,000 പേരും ഈ കണക്കില്‍ 138,000ല്‍ അധികം അംഗങ്ങളുമായി ടോറിയെ മറികടന്നെന്നാണ് റിഫോം പാര്‍ട്ടി അവകാശപ്പെടുന്നത്. രാജ്യത്ത് അതിവേഗം വളരുന്ന പാര്‍ട്ടി എന്നാണ് റിഫോം പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. ലൈവ് മെംബര്‍ഷിപ്പ് ടിക്കറിലൂടെയുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയുടെ ഈ അവകാശവാദം. എന്നാല്‍ ഇത് വെറും ഡിജിറ്റല്‍ തട്ടിപ്പാണെന്നാണ് മറ്റു കക്ഷികള്‍ ആരോപിക്കുന്നത്. വെബ്‌സൈറ്റിലൂടെ ആര്‍ക്കും ഇത്തരത്തില്‍ റിഫോം പാര്‍ട്ടിയില്‍ അംഗമാകാം. ഓരോ നിമിഷവും ഉയര്‍ന്നുകൊണ്ടിരിക്കുന്ന കണക്കുതന്നെയാണ് ഈ തട്ടിപ്പിന്റെ തെളിവെന്നും മറ്റു കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.
കണക്കുകള്‍ ഡിജിറ്റല്‍ തട്ടിപ്പാണെങ്കിലും അല്ലെങ്കിലും റിഫോം യുകെയെന്ന തീവ്രവലതുപക്ഷ പാര്‍ട്ടി ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ ചെറുതല്ല. അനധികൃത കുടിയേറ്റവും മൈഗ്രന്റ് കമ്മ്യൂണിറ്റികളുടെ പലമേഖലകളിലെയും ആധിപത്യവും കണ്ടുമടുത്തവര്‍ കൂട്ടത്തോടെ റിഫോം യുകെയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്ന കാഴ്ചയാണ് പലയിടത്തും. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ 14 ശതമാനം വോട്ട് ഷെയറാണ് റിഫോം യുകെയ്ക്ക് രാജ്യത്തൊട്ടാകെ ലഭിച്ചത്. ക്ലാക്ടണില്‍ നിന്നും വിജയിച്ച പാര്‍ട്ടി നേതാവ് നൈജല്‍ ഫെറാജ് ഉള്‍പ്പെടെ അഞ്ച് അംഗങ്ങളാണ് അവര്‍ക്ക് ഇപ്പോള്‍ പാര്‍ലമെന്റില്‍ ഉള്ളത്. എംപിമാരുടെ അംഗബലം കുറവാണെങ്കിലും ഏകദേശം നൂറോളം സീറ്റുകളില്‍ കണ്‍സര്‍വേറ്റിവ് സ്ഥാനാര്‍ഥികളുടെ പരാജയം നിശ്ചയിച്ചത് റിഫോം-യുകെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ സാന്നിധ്യമായിരുന്നു. കണ്‍സര്‍വേറ്റിവിന് ലഭിച്ചിരുന്ന പരമ്പരാഗത വലതുപക്ഷ വോട്ടുകള്‍ ഇവര്‍ പിടിച്ചുമാറ്റിയതോടെ ലേബര്‍ സ്ഥാനാര്‍ഥികള്‍ക്ക് പലയിടത്തും വിജയം എളുപ്പമായി. മലയാളിയായ സോജന്‍ ജോസഫ് വിജയിച്ച ആഷ്‌ഫോര്‍ഡ് മണ്ഡലം തന്നെ ഇതിന് മികച്ച ഉദാഹരണം. പരമ്പരാഗതമായി കണ്‍സര്‍വേറ്റിവിന്റെ കുത്തക മണ്ഡലമായിരുന്നു ആഷ്‌ഫോര്‍ഡ്. പാര്‍ട്ടിയുടെ സീനിയര്‍ നേതാവായ ഡാമിയന്‍ ഗ്രീന്‍ തുടര്‍ച്ചയായി മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന മണ്ഡലം. എന്നാല്‍ റിഫോം യുകെയുടെ ട്രിസ്ട്രാം കെന്നഡി ഹാര്‍പര്‍ എന്ന സ്ഥാനാര്‍ഥിയുടെ സാന്നിധ്യം എല്ലാ രാഷ്ട്രീയ സമവാക്യങ്ങളും മാറ്റിമറിച്ചു. കണ്‍സര്‍വേറ്റിവിന് സ്ഥിരമായി ലഭിച്ചിരുന്ന 25,000 വോട്ടുകള്‍ രണ്ടായി പിരിഞ്ഞു. ഡാമിയന്‍ ഗ്രീന് 13,483 വോട്ടും കെന്നഡി ഹാര്‍പര്‍ക്ക് 10,141 വോട്ടും ലഭിച്ചപ്പോള്‍ 15,262 വോട്ടു ലഭിച്ച സോജന്‍ വിജയിയായി. റിഫോം യുകെയുടെ അപ്രതീക്ഷിത വളര്‍ച്ചയില്‍ ഇത്തരത്തില്‍ ലേബറിന് രാജ്യത്തൊട്ടാകെ ലഭിച്ചത് എഴുപത് സീറ്റോളമാണ്.